തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്താൻ കളമൊരുങ്ങുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചുവരുന്ന കാര്യത്തിൽ സംസ്ഥാന സമിതി തീരുമാനമെടുക്കും. പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായായാണ് കോടിയേരിയുടെ തിരിച്ചുവരവ്.
2020 നവംബറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞത്. പകരം ആക്റ്റിങ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിച്ചു. എന്നാൽ പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചുവരുമെന്നുള്ള അഭ്യൂഹമാണ് സംസ്ഥാന സമതിയുമായി ബന്ധപ്പെട്ട് ശക്തമായി പ്രചരിക്കുന്നത്. സംസ്ഥാന സമിതിയിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കുമെന്നും വാർത്തയുണ്ട്.
മകൻ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിന് പിന്നലെ അനാരോഗ്യം കൂടി കണക്കിലെടുത്ത് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിർത്തപ്പെട്ടത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങൾ, ബിനീഷ് കോടിയേരിയെ ആസൂത്രിതമായി കേസിൽ പെടുത്തിയതാണെന്ന വിമർശനങ്ങളും ശക്തമായിരുന്നു.
കോടിയേരിയെ ഇനിയും മാറ്റിനിർത്തുന്നതിൽ കാര്യമില്ലെന്ന ചിന്തയും ശക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരി തിരിച്ചുവരും എന്ന സൂചന ശക്തമാകുന്നത്.
Content Highlights: Kodiyeri Balakrishnan may return as CPM state secretary