നിമിഷയുടെ ജയിൽ മോചനത്തിൽ സന്തോഷമുണ്ട്. ദൈവത്തിന് നന്ദിയെന്നും അമ്മ ബിന്ദു പറഞ്ഞു. അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ കാബൂളിലടക്കം സ്ഥിതി ചെയ്യുന്ന ജയിലുകളിൽ നിന്നായി ആയിരക്കണക്കിന് തടവുകാർ ജയിൽ മോചിതരായി. ഇവരിൽ എട്ട് മലയാളികളും ഉണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. ഐഎസിൽ ചേരാൻ ഇന്ത്യവിട്ട് പോയവരാണ് ഇവരിൽ പലരും.
ജയിൽ മോചിതരായ ഇന്ത്യക്കാർക്കൊപ്പം നിമിഷയും ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഐഎസില്‍ ചേരാന്‍ 2016ലാണ് പാലക്കാട് സ്വദേശിയായ ഭർത്താവ് ബെക്സനോടൊപ്പം നിമിഷ നാടുവിട്ടത്. അഫ്ഗാനിസ്ഥാനിൽ എത്തിയ ഇവർ സൈന്യത്തിൻ്റെ പിടിയിലാകുകയായിരുന്നു. ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഭീകരപ്രവർത്തനങ്ങളിൽ പങ്കാളികളായവരാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
കുട്ടിക്കൊപ്പം ജയിലിൽ കഴിയുന്ന നിമിഷയെ മോചിപ്പിച്ച് തിരിച്ചയക്കാൻ അഫ്ഗാൻ സർക്കാർ തയ്യാറായെങ്കിലും രാജ്യസുരക്ഷ കണക്കിലെടുത്ത് ഈ നിർദേശം ഇന്ത്യ തള്ളുകയായിരുന്നു. ജയിൽ മോചിതരായവർ ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയാത്തതിനാൽ അതിർത്തി പ്രദേശങ്ങളിലും തുറമുഖങ്ങളിലും കനത്ത ജാഗ്രതയുണ്ടാകും. ഇവര്‍ മറ്റെതെങ്കിലും രാജ്യത്ത് പ്രവേശിച്ച് ഇന്ത്യയിലേക്ക് തിരിച്ചു വന്നേക്കാമെന്നാണ് ഇന്റലിജന്‍സ് കരുതുന്നത്.