തിരുവനന്തപുരം > പാര്ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ദുര്ബലപ്പെടുത്തുന്ന ബിജെപി നയങ്ങളുടെ നഗ്നമായ പ്രദര്ശനമാണ് പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനത്തില് ദൃശ്യമായതെന്ന് സിപിഐ എം. ജനാധിപത്യ വ്യവസ്ഥയെ ദുര്ബലപ്പെടുത്തുന്ന ബിജെപിയുടെ ഈ നിലപാടിനെതിരെ ശബ്ദം ഉയര്ത്താന് എല്ലാ ജനാധിപത്യ വിശ്വാസികളോടും സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.
സുപ്രധാന ബില്ലുകള് പാര്ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റികളുടെ പരിശോധന കൂടാതെ പാസ്സാക്കരുത് എന്ന പ്രതിപക്ഷ ആവശ്യം സര്ക്കാര് ചെവിക്കൊണ്ടില്ല. ജനങ്ങളേയും രാഷ്ട്ര താത്പര്യങ്ങളേയും ഗുരുതരമായി ബാധിക്കുന്ന വൈദ്യുതി ഭേദഗതി ബില്ല്, എസന്ഷ്യല് സര്വ്വീസ് പണിമുടക്ക് നിരോധന ബില്ല്, ഇന്സോള്വന്സി ആൻഡ് ബാങ്ക് റെപ്റ്റസി കോഡ് ഭേദഗതി ബില്, ജനറല് ഇന്ഷുറന്സ്, സ്വകാര്യവത്ക്കരണ ബില്ല് എന്നിവ സ്റ്റാന്റിങ് കമ്മിറ്റിയ്ക്കോ, സെലക്ട് കമ്മിറ്റിയ്ക്കോ റെഫര് ചെയ്യണമെന്ന് 14 പ്രതിപക്ഷ പാർട്ടികൾ തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു.
2014 ല് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്ക്കാര് അധികാരത്തില് വന്ന ശേഷം പാര്ലമെന്ററി സ്ക്രൂട്ടിണി ഇല്ലാതെയാണ് പല ബില്ലുകളും പാസ്സാക്കുന്നത്. 2014 ന് ശേഷം പാര്ലമെന്റ് പാസ്സാക്കിയ ബില്ലുകളുടെ 10 ശതമാനം മാത്രമാണ് സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവാദമായ കാര്ഷിക നിയമങ്ങള് പോലും സ്റ്റാന്റിങ് കമ്മിറ്റിയ്ക്ക് വിട്ടിരുന്നില്ല. മുന് സര്ക്കാരുകളുടെ കാലത്ത് 70 ശതമാനത്തോളം ബില്ലുകള് സ്റ്റാന്റിങ് കമ്മിറ്റിയ്ക്ക് വിട്ട അനുഭവമുണ്ട്. ഈ കീഴ്വഴക്കങ്ങളൊന്നും ബിജെപി മാനിക്കുന്നില്ല.
ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള് പാര്ലമെന്റില് ചര്ച്ച ചെയ്യാന് അവസരം നല്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പൗരന്മാരുടെ രഹസ്യം ചോര്ത്തിയ പെഗാസസ് ചാര സോഫ്ട്വെയറിന്റെ വിനിയോഗം, വിവാദ കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന കര്ഷക സമര സമിതിയുടെ ആവശ്യം, ഗുരുതരമായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക തകര്ച്ച എന്നീ വിഷയങ്ങളാണ് പ്രതിപക്ഷം ചര്ച്ചയ്ക്കായി നിര്ദ്ദേശിച്ചത്. അത് സര്ക്കാര് അംഗീകരിച്ചില്ല. നേരത്തെ തയ്യാറാക്കിയ ബില്ലുകള് പാസ്സാക്കല് മാത്രമായിരുന്നു സര്ക്കാരിന് താത്പര്യം.
പ്രതിപക്ഷത്തെ അവഗണിച്ചു കൊണ്ടും കീഴ്വഴക്കങ്ങല് ലംഘിച്ചും പാര്ലമെന്റിനെ നോക്കുകുത്തിയാക്കുന്ന സര്ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധിക്കാന് 14 പ്രതിപക്ഷ പാര്ട്ടികള് ഒന്നിച്ച് തീരുമാനിച്ചു. തുടര്ന്ന് ഇരുസഭകളിലും ബഹളമുണ്ടായി. ബഹളങ്ങള്ക്കിടയില്, ചര്ച്ച കൂടാതെ ബില്ലുകള് പാസ്സാക്കാനുള്ള ധൃതിയിലായിരുന്നു സര്ക്കാര്.
പ്രതിപക്ഷ പാര്ട്ടികള് ഒരുമിച്ച് നടത്തിയ പ്രതിഷേധത്തെ അധിക്ഷേപിക്കാനാണ് സര്ക്കാര് പ്രതിനിധികള് ശ്രമിച്ചത്. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തി അധിക്ഷേപിച്ചു കൊണ്ട് പാര്ലമെന്ററികാര്യ സഹമന്ത്രി പ്രസ്താവന ഇറക്കി. പാര്ലമെന്റിലെ അംഗസംഖ്യ കുറവാണെങ്കിലും ഇടതുപക്ഷം സ്വീകരിക്കുന്ന ഉറച്ച നിലപാടുകള്, ബിജെപി സര്ക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷ അംഗങ്ങള് ഉള്പ്പെടെയുള്ള പ്രതിപക്ഷ എംപിമാരുടെ പേരില് നടപടി സ്വീകരിക്കുമെന്നാണ് സര്ക്കാരും രാജ്യസഭാ ചെയര്മാനും ഭീഷണിപ്പെടുത്തുന്നത്.
പാര്ലമെന്റിന്റെ ഇന്നത്തെ അവസ്ഥയില് സ്വാതന്ത്ര്യദിനാചരണ ചടങ്ങില് പ്രസംഗിക്കവേ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രമണ രൂക്ഷമായ ഭാഷയില് പ്രതികരിച്ചു. ചര്ച്ചകള് കൂടാതെയുള്ള നിയമ നിര്മ്മാണത്തെ കുറിച്ചാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷം ഉയര്ത്തുന്ന വിമര്ശനം ശരിവെയ്ക്കുന്നതാണ്, ചീഫ് ജസ്റ്റിസ്സിന്റെ പരസ്യ പരാമര്ശം.
പാര്ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ദുര്ബലപ്പെടുത്തുന്ന ബിജെപി നയിക്കുന്ന കേന്ദ്രസര്ക്കാര് നിലപാടിനെതിരെ ശബ്ദം ഉയര്ത്താന് എല്ലാ ജനാധിപത്യ വിശ്വാസികളോടും സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ അഭ്യര്ത്ഥിച്ചു.