കൊച്ചി
ഖാദി മേഖലയിൽ കാലാനുസൃതമായി സമഗ്ര മാറ്റംവരുത്തുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഖാദി ബോർഡിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദിയെ ആധുനികവൽക്കരിക്കും. മൂല്യവർധനയും വൈവിധ്യവൽക്കരണവും ഈ മേഖലയ്ക്ക് ആവശ്യമാണ്. ഖാദി -കൈത്തറി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കലൂർ ഖാദി ടവറിൽ മഹാത്മാഗാന്ധിയുടെ പ്രതിമ രാജീവ് അനാച്ഛാദനം ചെയ്തു. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ് ദീപശിഖ തെളിച്ചു. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സമാഹരിച്ച തുക ഖാദി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് അധ്യക്ഷ സോണി കോമത്ത് പി രാജീവിന് കൈമാറി. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി.
കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൗൺസിലർ രജനി മണി, വ്യവസായ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെവിഐസി അസിസ്റ്റന്റ് ഡയറക്ടർ പി കന്തസ്വാമി, ഖാദി ബോർഡ് അഡ്മിനിസ്ട്രേറ്റർ ഡയറക്ടർ കെ കെ ചാന്ദ്നി, സെക്രട്ടറി കെ എ രതീഷ്, ബോർഡ് അംഗം ടി വി ബേബി എന്നിവർ സംസാരിച്ചു.