കാബൂള്
യുഎസ്, നാറ്റോ സേനകളുടെ പിന്മാറ്റം ആരംഭിച്ചതിന് ശേഷം രാജ്യത്ത് വീണ്ടും പിടിമുറുക്കുന്ന താലിബാനെതിരെ ലോകത്തിന്റെ സഹായം അഭ്യര്ഥിച്ച് സംവിധായികയും അഫ്ഗാൻ ചലച്ചിത്ര സ്ഥാപനത്തിന്റെ ജനറൽ ഡയറക്ടറുമായ സഹ്റാ കരിമിയുടെ കത്ത്. അഫ്ഗാനിസ്ഥാന് പൂര്ണമായും നിയന്ത്രണത്തിലാക്കി താലിബാന് അധികാരമേറ്റെടുക്കുമ്പോള് സ്ത്രീകളുടെയും കുട്ടികളുടെയും കലാകാരന്മാരുടെയും അവസ്ഥ എന്തായിരിക്കുമെന്ന് വിശദീകരിക്കുന്നതാണ് കത്ത്.
“അവർ ഞങ്ങളുടെ ആളുകളെ കൂട്ടക്കൊല ചെയ്യുകയാണ്. നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടികളെ താലിബാൻകാരുടെ വധുക്കളാക്കി വിറ്റു. വസ്ത്രധാരണത്തിന്റെ പേരിൽ ഒരു സ്ത്രീയെ അവർ കൊന്നു. ലോകം ഇനിയെങ്കിലും മൗനം വെടിയണം. അഫ്ഗാനിസ്ഥാനിലെ സാധാരണക്കാരന്റെ അവസ്ഥകണ്ടില്ലെന്ന് നടിക്കരുത്.
താലിബാൻ കാബൂൾ പിടിച്ചെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കണം, സമയം പരിമിതമാണ്’ എന്ന് സഹ്റാ കത്തില് പറയുന്നു.