കോഴിക്കോട്: പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സുധാകരനെതിരേ പടയൊരുക്കത്തിന് ഒരുങ്ങി കൂടുതൽ മുതിർന്ന നേതാക്കൾ. ഡി.സി.സി അധ്യക്ഷൻമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ലിസ്റ്റ് തയ്യാറാക്കുമ്പോൾ കൂടിയാലോചിച്ചില്ലെന്ന പരസ്യ ആക്ഷേപവുമായി മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് എത്തിയതിന് പിന്നാലെയാണ് സമാന പരാതികളുമായി കൂടുതൽ നേതാക്കൾ എത്തുന്നത്.
തർക്കങ്ങളുണ്ടെന്നും മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കണമെന്നും കെ.മുരളീധരൻ എം.പി കോഴിക്കോട് പറഞ്ഞു. രമേശ് ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും അഭിപ്രായം സ്വീകരിക്കണം. തർക്കങ്ങളെല്ലാം ഹൈക്കമാൻഡ് പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ചില അപശബ്ദങ്ങൾ ഉയരുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഡിസിസി അധ്യക്ഷൻമാരുടെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ വേണ്ടത്ര കൂടിയാലോചനകൾ നടത്തിയില്ലെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും താരിഖ് അൻവറിനോട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിന്റെ പേരിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് ശ്രമമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു.
ഇതിനിടെ മുൻ കെ.പി.സി.സി അധ്യക്ഷൻമാരെ അപ്പാടെ തഴയുന്നുവെന്ന് ചൂണ്ടിക്കട്ടി വി.എം.സുധീരനും രംഗത്തെത്തി. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗങ്ങളിൽ നിന്ന് താനുൾപ്പെടെയുള്ള മുൻ കെ.പി.സി.സി പ്രസിഡന്റുമാർ പലരും ഒഴിവാക്കപ്പെട്ടു. ഈ പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡന്റോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ എന്നോട് ഇതേക്കുറിച്ച് ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ മാധ്യമങ്ങളിൽ കൂടിമാത്രമാണ് ഈ വിവരം അറിഞ്ഞതെന്നും സുധീരൻ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.