മണ്ണുത്തി > മനുഷ്യരിൽ അലർജിക്ക് കാരണമാകുകയും തദ്ദേശജീവികളെ നശിപ്പിക്കുകയും ചെയ്യുന്ന ചെഞ്ചെവിയൻ ആമകൾ കേരളത്തിലും വ്യാപകം. ഫെബ്രുവരി മുതൽ കണ്ടെത്തിയ 80 ആമകളെ പീച്ചിയിലെ ജൈവ അധിനിവേശ പഠനകേന്ദ്രത്തിൽ എത്തിച്ചു.
വെള്ളിയാഴ്ച വയനാട്ടിലെ കൽപ്പറ്റയിൽ റോഡരികിൽ ചെഞ്ചെവിയനെ കണ്ടു. കോഴിക്കോട് തിരുവാച്ചിറ ക്ഷേത്രക്കുളം, തിരുവനന്തപുരം പാതിരാപ്പിള്ളി ക്ഷേത്രക്കുളം, പാണഞ്ചേരിയിലെ സ്വകാര്യ പുരയിടം എന്നിവിടങ്ങളിൽനിന്നും ആമകളെ കിട്ടി. തൊടുപുഴയിൽനിന്ന് 12 എണ്ണമാണ് ലഭിച്ചത്. രണ്ടെണ്ണം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു.
പല ജില്ലകളിലും ചെഞ്ചെവിയൻ ആമകളെ കണ്ടതിനാൽ ജൈവ അധിനിവേശ ജാഗ്രത വേണമെന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ സീനിയർ ശാസ്ത്രജ്ഞൻ വി ടി സജീവ് പറഞ്ഞു.
മെക്സിക്കൻ ജനുസാണ് ചെഞ്ചെവിയൻ ആമകൾ. ഭാഗ്യദായകമാണ് എന്നു കരുതിയും കൗതുകത്തിനുമാണ് ആളുകൾ ഇവയെ വാങ്ങുന്നത്. നല്ലവണ്ണം ഭക്ഷണം കഴിക്കുന്ന ഇവ വളരെവേഗം വളരും. കൗതുകം നഷ്ടപ്പെടുന്നതോടെ ഉടമകൾ ഉപേക്ഷിക്കുകയാണ്. ഇതിനാലാണ് ഇവയെ ജലാശയങ്ങളിൽ കൂടുതലായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശീയ ജീവികളെ ഇവ നശിപ്പിക്കുമെന്ന് ഗവേഷകരായ മനീഷ് അമ്മട്ടിലും കാർത്തിക എം നായരും പറഞ്ഞു. ഇവയുടെ ശരീരത്തിലെ ബാക്ടീരിയ മനുഷ്യരിൽ അലർജിക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പാരിസ്ഥിക പ്രതിസന്ധിയെ തുടർന്നന് ഓസ്ട്രേലിയയിൽ ചെഞ്ചെവിയൻ ആമകളുടെ പരിപാലനം നിരോധിച്ചതാണ്. വളർത്തുന്നവർ ഇവയെ അലസമായി കളയരുതെന്ന് പീച്ചിയിലെ ജൈവ അധിനിവേശ പഠനകേന്ദ്രം അധികൃതർ അറിയിച്ചു. വിവരം അറിയിച്ചാൽ ഏറ്റെടുക്കുകയും പഠനം നടത്തുകയും ചെയ്യും. ഫോൺ: 0487-2690390.