ഇസ്ലാമാബാദ് > പാക് പ്രവിശ്യയായ ഖൈബർ പഖ്തുൻഖാവയിൽ ഒമ്പത് ചൈനീസ് എഞ്ചിനിയർമാർ ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ- ബസിലെ ബോംബാക്രമണം സംബന്ധിച്ച ഇന്ത്യയുടെ വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് പാകിസ്ഥാന്.
ആക്രമണം ഇന്ത്യൻ ചാരസംഘടനയുടെ പിന്തുണയോടെയാണെന്ന പാകിസ്ഥാന്റെ ആരോപണം നുണയാണെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍, ഇന്ത്യ ആക്രമണത്തിലെ പങ്ക് നിഷേധിച്ചതുകൊണ്ട് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാകില്ലെന്ന് പാകിസ്ഥാന് പറഞ്ഞു. സ്ഫോടനത്തിനുപിന്നില്‍ ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങും അഫ്ഗാനിസ്ഥാൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയും (എൻഡിഎസ്) ആണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ, തീവ്രവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്ന പാകിസ്ഥാന് ആഗോളശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള മറ്റൊരു ശ്രമമാണിതെന്നും വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചിരുന്നു.