നെടുമ്പാശേരി -> കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യൂറോപ്പിലേക്ക് കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു. പ്രവാസികൾക്കുള്ള യാത്രാക്ലേശം പരിഹരിക്കാനും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും പുതിയ വിമാന സർവീസുകൾ വഴിയൊരുക്കുമെന്ന് സിയാൽ അധികൃതർ പറഞ്ഞു. 22 മുതൽ ആഴ്ചയിൽ മൂന്നുവട്ടം എയർ ഇന്ത്യ ലണ്ടനിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചും സർവീസ് നടത്തും. ഞായർ, വെള്ളി, ബുധൻ ദിവസങ്ങളിലാണ് ലണ്ടൻ-–-കൊച്ചി––ലണ്ടൻ സർവീസ്.
പ്രതിവാര സർവീസാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ബുക്കിങ് തുടങ്ങി ആദ്യദിനംതന്നെ രണ്ട് സർവീസിന്റെ മുഴുവൻ ടിക്കറ്റും വിറ്റുപോയതായി സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു. യൂറോപ്യൻ മേഖലയിലേക്കുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കാൻ സംസ്ഥാന സർക്കാരും സിയാലും നടത്തുന്ന ശ്രമങ്ങൾക്ക് ഊർജംപകരുന്ന നടപടിയാണിതെന്ന് എംഡി പറഞ്ഞു.
പുതിയ സമയക്രമപ്പട്ടിക അനുസരിച്ച് ഞായർ പുലർച്ചെ മൂന്നിന് ലണ്ടനിൽനിന്ന് കൊച്ചിയിലെത്തുന്ന എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം പകൽ 1.20ന് മടങ്ങും. ബുധൻ പുലർച്ചെ 3.45ന് എത്തി 5.50ന് തിരികെപ്പോകും. വെള്ളി പുലർച്ചെ 3.45ന് എത്തി പകൽ 1.20ന് മടങ്ങും. ഈ മേഖലയിൽ കൂടുതൽ എയർലൈനുകളെ ആകർഷിക്കാൻ സിയാൽ പാർക്കിങ്, ലാൻഡിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.