വിമോചനത്തിൻ്റേയും സാമ്രാജ്യത്വവിരുദ്ധതയുടേയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വർഗീയവും മനുഷ്യത്വശൂന്യവും മതാത്‌മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദർഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് ഇന്ന് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥപൂർണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂർണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാം. എല്ലാവർക്കും ഹൃദയപൂർവം സ്വാതന്ത്ര്യദിന ആശംസകൾ, അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡിനെത്തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി താൽക്കാലികമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം സ്വാതന്ത്ര്യ ദിനാഘോഷം നടത്താനെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ചത് മുന്നണി പോരാളികൾ മൂലമാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ മരിച്ച എല്ലാ പോരാളികളുടേയും ഓര്‍മ്മകൾക്കു മുന്നിൽ പ്രണാമം അര്‍പ്പിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ മെഡിക്കൽ സൗകര്യങ്ങൾ നൽകി സഹായിച്ച ലോക നേതാക്കൾക്ക് നന്ദിപറയുന്നതായും അദ്ദേഹം പറഞ്ഞു.