കാസർക്കോട് > ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ പൊലീസ് കസ്റ്റഡിയിലുള്ള എംഡി ടി കെ പൂക്കോയ തങ്ങളെ ചോദ്യംചെയ്യുന്നത് തുടരുന്നു. കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് എസ്പി കെ കെ മൊയ്തീൻകുട്ടി, ഡിവൈഎസ്പി എം സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്. പൂക്കോയ തങ്ങളിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ജ്വല്ലറി മാനേജർ ടി കെ സൈനുൽ ആബിദും പർച്ചേസ് മാനേജരും ഉൾപ്പെടെ നാല് ജീവനക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
ജ്വല്ലറി ഡയറക്ടർമാരിൽ ചിലരോടും ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മുദ്രപത്രത്തിലുള്ള, പരാതിക്കാരുടെ ഒപ്പ് പരിശോധിച്ച് വ്യക്തതവരുത്തി. അനധികൃത പണമിടപാടിനെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഒളിവിൽ കഴിഞ്ഞ പൂക്കോയ തങ്ങളെ സഹായിച്ചവരുടെ വിവരം ശേഖരിക്കുന്നുണ്ട്. നേപ്പാളിലേക്ക് കടക്കാൻ സഹായിച്ച മകൻ ഹിഷിമിനെതിരെ കേസെടുത്തിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പിൽ ഇയാളും പ്രതിയാണ്. കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ വെള്ളിയാഴ്ചയാണ് നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഞായറാഴ്ചയും ചോദ്യംചെയ്യൽ തുടരും. ചൊവ്വാഴ്ച രാവിലെ കസ്റ്റഡിക്കാലാവധി അവസാനിക്കും.