ലണ്ടൻ > സാമ്പിൾ പരിശോധനയിൽ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടന്റെ ടോക്യോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് സിജിൻഡു ഉജാഹ്യെ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ടോക്യോയിൽ പുരുഷന്മാരുടെ 4–100 മീറ്റർ റിലേയിൽ വെള്ളി നേടിയ ബ്രിട്ടീഷ് ടീമംഗമാണ് ഉജാഹ്. ഇതേതുടർന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ബ്രിട്ടന്റെ റിലേ ടീമിനെ അയോഗ്യരായി പ്രഖ്യാപിക്കുകയും നാല് താരങ്ങൾക്കും ലഭിച്ച മെഡലുകൾ തിരിച്ചെടുക്കുകയും ചെയ്യും.
ഉജാഹ്യിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നിരോധിച്ച എസ്‐23 യുടെയും ഓസ്റ്ററൈന്റെയും സാന്നിധ്യമാണ് കണ്ടെത്തിയത്. നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാൽ 4 വർഷംവരെ വിലക്ക് നേരിടേണ്ടിയും വരും. ഇതോടെ മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായ ക്യാനഡയ്ക്ക് വെള്ളിയും നാലാം സ്ഥാനക്കാരായ ചൈനയ്ക്ക് വെങ്കലവും ലഭിക്കും. 1500 മീറ്ററിൽ ബഹ്റൈന്റെ സാദിഖ് മിഖു, ജോർജിയൻ ഷോട്പുട് താരം ബെനിക് അബ്രമ്യാൻ, കെനിയൻ സ്പ്രിന്റർ മാർക് ഒട്ടീനോ ഒഡിയാംബോ എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.