വെഞ്ഞാറുംമൂട്: ഭാര്യയേയും വീട്ടുകാരേയും ഭീഷണിപ്പെടുത്തുന്നതിന് സ്ഫോടക വസ്തുവുമായി വീട്ടിലെത്തിയ യുവാവ് അബദ്ധത്തിലുള്ള സ്ഫോടനത്തിൽ മരിച്ചു. പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തൻവീട്ടിൽ മുരളീധരൻ (45) ആണ് മരിച്ചത്.
സ്ഫോടക വസ്തുവുമായി വീട്ടിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കവെയാണ് മുരളീധരന്റെ മരണം. ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരൻ ഉച്ചയോടെയാണ് വീട്ടിലെത്തിയത്. ഇതിനിടെ വീട്ടുകാരെ ഭീഷണിപ്പെടുത്താൻ കയ്യിലുള്ള സ്ഫോടക വസ്തു കത്തിച്ചു.
വീട്ടിലേക്ക് കയറുന്നതിനിടെ കാൽതെറ്റി വീണ മുരളീധരന്റെ ശരീരത്തിലിരുന്ന് സ്ഫോടക വസ്തു പൊട്ടുകയായിരുന്നു. പാറമടയിലാണ് മുരളീധരൻ ജോലി ചെയ്തിരുന്നത്. വീട്ടുകാർ ഇറങ്ങിവന്നപ്പോഴേക്കും മുരളീധരന്റെ മരണം സംഭവിച്ചിരുന്നു.