കോതമംഗലം > ബിജെപിയിൽ പൊട്ടിത്തെറി, സേവ് ബി ജെ പി ഫോറം കോതമംഗലത്ത് നില്പ് സമരം നടത്തി. വോട്ട് കച്ചവടം, ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് എന്നിവ നടത്തിയ ബി ജെ പി നിയോജക മണ്ഡലം കമ്മിറ്റിയും, കോതമംഗലത്ത ജില്ലാ ഭാരവാഹികളും രാജിവയ്ക്കണമന്നാവശ്യപ്പെട്ടും മുതിർന്ന നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലും പ്രതിഷേധിച്ചാണ് നഗരത്തിൽനിൽപ് സമരം നടത്തിയത്.
വോട്ട് കച്ചവടത്തിലൂടെ കോതമംഗലത്ത് ബിജെ പി ക്ക് അടിത്തറയില്ലാതായന്നും, നിയോജക മണ്ഡലം പ്രസിഡൻ്റിൻ്റെ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും വോട്ട് കച്ചവടം നടത്തിയതിൻ്റെ ഫലമാണ് ബിജെപി സ്ഥാനാർത്ഥിക്ക് 29 വോട്ട് മാത്രം ലഭിച്ചതെന്നും സമര നേതാക്കൾ ആരോപിച്ചു. കോതമംഗലത്ത് ബിജെപിയെ വളർത്തിയ ആദ്യ കാല നേതാക്കളായ എം എൻ ഗംഗാധരൻ, പി കെ ബാബു എന്നിവരെയും മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് സന്തോഷ് പത്മനാഭൻ, മനോജ് കാനാട്ട്, അഡ്വ ജയശങ്കർ, വാരപ്പെട്ടിയിലെ മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി അനിൽ മഞ്ചേപ്പിള്ളി എന്നിവരെ ഏതാനും ദിവസങ്ങൾക്കു് മുമ്പ് സംഘടനയിൽ നിന്ന് പുറത്താക്കിയത് വിവാദമായിരുന്നു.
നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഫണ്ട്, മറ്റ് സാമ്പത്തിക ക്രമക്കേടുകൾ, അഴിമതികൾകമ്മിറ്റി യോഗങ്ങളിലും, മേൽഘടകങ്ങളിലും ചൂണ്ടിക്കാണിച്ചതിനാലാണ് നേതാക്കളെ പുറത്താക്കിയതെന്ന് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് എം എൽ ഗംഗാധരൻ പറഞ്ഞു. നിയമ സഭ തെരഞ്ഞെടുപ്പിൽ വോട്ട് കച്ചവടം നടത്തിയത് ഉൾപ്പെടെ സമീപകാലത്ത് സംഘടനയിൽ നടന്ന എല്ലാ അഴിമതിയും ക്രമക്കേടും തുറന്ന കത്തിലൂടെ സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ഗംഗാധരൻ പറഞ്ഞു. സ്വേഛാധിപത്യവും അഴിമതി മൂലവും സംഘടനയെ തകർത്ത മണ്ഡലം പ്രസിഡൻ്റ്, ജില്ലാ വൈസ് പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി എന്നിവർക്കെതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരുമെന്ന് ബി ജെ പി സേവ് ഫോറം നേതാക്കൾപറഞ്ഞു.