തിരുവനന്തപുരം: കേരള ബാങ്കിൽ നടന്നത് വൻ എടിഎം കൊള്ളയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഒമ്പത് എടിഎമ്മുകളിൽ നിന്ന് പണം കവർന്നതായി കണ്ടെത്തി.
തിരുവനന്തപുരത്തടക്കം മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.64 ലക്ഷം രൂപ കവർന്നു എന്നായിരുന്നു കേരള ബാങ്ക് സൈബർ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്ന് കാസർകോട് സ്വദേശികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദഗ്ദ്ധമായി നടത്തിയ കൊള്ളയാണെന്ന് വ്യക്തമായത്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓരോ ഘട്ടത്തിലും കൊള്ളയുടെ വ്യാപ്തി വർധിക്കുകയാണ്. മൂന്ന് എടിഎമ്മിൽ കൊള്ള നടത്തി എന്നത് ഇപ്പോൾ ഒമ്പത് എടിഎമ്മായിട്ടുണ്ട്.
തിരുവനന്തപുരം, വൈക്കം,തൃശൂർ, കാസർകോട് തുടങ്ങിയ ഇടങ്ങളിലെ ഒമ്പത് എമ്മുകളിൽ കൊള്ള നടത്തി എന്നാണ് ഇപ്പോൾ വ്യക്തമായത്. ആറ് ലക്ഷത്തോളം രൂപ പ്രതികൾ കവർന്നതായി ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഈ തുക ഇനിയും കൂടുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
പിടിയിലായ മൂന്ന് പേരും പിടിയിലാകാനുള്ള ഒരാളുമടക്കം നാല് പേർ ചേർന്നാണ് കൊള്ള നടത്തിയത്. ഇവർക്ക്കൊള്ളയ്ക്കായുള്ള സാങ്കേതിക വിദ്യയും കാർഡുകളും നൽകിയത് ഡൽഹി സ്വദേശിയായ രാഹുൽ ആണെന്നാണ് കണ്ടെത്തൽ. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് നടത്തി വരികയാണ്.
കൊള്ളയടിച്ച തുക ബിറ്റ് കോയിനാക്കി കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.