കൊച്ചി:ഓളപ്പരപ്പിൽ ‘വിക്രാന്ത്’. അതേ ഫ്രെയിമിൽ ഒരു തിലകമെന്നോണം സൂര്യനും. സൈനികാകാശത്തെ അഭിമാനത്തിന്റെയും കരുത്തിന്റെയും സൂര്യനായ ‘വിക്രാന്തി’നെ കൃത്യമായി അടയാളപ്പെടുത്തുന്ന ഫ്രെയിം. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി യുദ്ധക്കപ്പൽ വിക്രാന്ത് കൊച്ചി കപ്പൽശാലയിൽ ഒരുങ്ങുകയാണ്, ഒട്ടേറെ സവിശേഷതകളോടെ.
കേബിളിനു നീളം 2100 കി.മീ
വിക്രാന്തിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകൾ നീട്ടിയിട്ടാൽ അതിനു 2100 കി.മീ. നീളമുണ്ടാകും. അതായത് കൊച്ചിയിൽനിന്ന് ഡൽഹിവരെയുള്ള ദൂരം. വിക്രാന്തിന്റെ ഇലക്ട്രിക്കൽ വിഭാഗം സവിശേഷതകൾ പരിചയപ്പെടുത്തിയത് സീനിയർ ഇലക്ട്രിക്കൽ ഓവർസിയർ കമാൻഡർ ശ്രീജിത്ത് തമ്പിയായിരുന്നു. “വിക്രാന്തിൽ ക്രമീകരിച്ചിരിക്കുന്ന ഊർജം ഉപയോഗിച്ചാൽ കൊച്ചി നഗരത്തിന്റെ പകുതിഭാഗമെങ്കിലും പ്രകാശമാനമാക്കാൻ കഴിയും. ഡീസൽ ജനറേറ്റർ ഉപയോഗിച്ചാണ് ഊർജം ഉത്പാദിപ്പിക്കുന്നത്. മണിക്കൂറിൽ 28 നോട്ടിക്കൽമൈൽ വേഗതയിൽ സഞ്ചരിക്കാനും 7500 മൈൽ പോകാനുമുള്ള ശേഷിയുണ്ട്. ഇതിനൊക്കെ ശേഷിയുള്ള ഇലക്ട്രിക്കൽ സംവിധാനമാണ് ‘വിക്രാന്തി’ൽ ഉപയോഗിച്ചിരിക്കുന്നത്.” ശ്രീജിത്ത് തമ്പി പറഞ്ഞു.
ഐഎൻഎസ് വിക്രാന്തിൽ നിന്നുള്ള കാഴ്ച |ഫോട്ടോ:ടി.കെ.പ്രദീപ് കുമാർ
അഭിമാനത്തിന്റെ റൺവേയിൽ
ഡിഫൻസ് പി.ആർ.ഒ. കമാൻഡർ അതുൽ പിള്ളയാണ് വിക്രാന്തിന്റെ തന്ത്രപ്രധാനവിശേഷങ്ങൾ പങ്കുവെച്ചത്. “യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും ലാൻഡ് ചെയ്യുന്നതിന്റെ സമീപത്തുള്ള ഡക്കുകളിലാണ് അതിന്റെ നിയന്ത്രണ സംവിധാനങ്ങൾ. ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണ് കപ്പലിന്റെ രൂപകല്പന.” കമാൻഡർ അതുൽ പിള്ള പറഞ്ഞു.
യുദ്ധവിമാനങ്ങളേ സ്വാഗതം
“ടോപ് ഡക്കിലെ റൺവേയിൽ ലാൻഡ് ചെയ്യുന്ന വിമാനങ്ങൾ ലിഫ്റ്റിലൂടെയാണ് പാർക്കിങ് ഏരിയയിലേക്കു താഴ്ത്തിക്കൊണ്ടുവരുന്നത്. 30 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള രണ്ടു ലിഫ്റ്റുകളുണ്ട്. താഴെയെത്തിക്കുന്ന വിമാനങ്ങൾ നേരെ ‘ടേൺഡ് ടേബിൾ’ എന്ന ഭാഗത്തേക്ക് കൊണ്ടുപോകും. 360 ഡിഗ്രിയിൽ കറങ്ങുന്ന ടേബിളിൽനിന്നാകും വിമാനം പാർക്കു ചെയ്യേണ്ട ദിശയിലേക്കു നീങ്ങുക. രണ്ടു ഫുട്ബോൾ മൈതാനങ്ങൾചേരുന്ന വലിപ്പമുള്ള ഈ കപ്പലിനു 30 എയർക്രാഫ്റ്റുകളെ വഹിക്കാനാകും. 20 ഫൈറ്റർജെറ്റുകൾ ഇവിടെ പാർക്കുചെയ്യുമ്പോൾ 10 ഹെലികോപ്റ്ററുകൾ മുകളിലെ ഡക്കിലും പാർക്കുചെയ്യും.” നേവൽ ആർക്കിടെക്ട് കമാൻഡർ മനോജ് കുമാർ ‘വിക്രാന്തി’നെ പരിചയപ്പെടുത്തി.