ആലപ്പുഴ: ദേശീയപാത 66 നവീകരണത്തിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു കത്തു നൽകി.ജി.സുധാകരൻ മന്ത്രിയായപ്പോൾ പുനർനിർമ്മിച്ച ദേശീയപാതയുടെ നവീകരണത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആരിഫിന്റെ കത്ത്.
അരൂർ മുതൽ ചേർത്തല എക്സറെ കവലവരെയുള്ള ദേശീയപാത 66 ന്റെ ഭാഗം 2019ലാണ് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുനർനിർമ്മിച്ചത്. മൂന്നുവർഷത്തെ ഗ്യാരണ്ടിയോടു കൂടി നിർമ്മിച്ച റോഡ് ഒരു വർഷം കഴിഞ്ഞപ്പോഴേക്ക് കുണ്ടും കുഴിയും നിറഞ്ഞു. 36 കോടി രൂപചെലവിട്ട് പൂർത്തിയാക്കിയ നിർമ്മാണത്തിൽ സാരമായ അപാകതയുണ്ടെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ആരിഫിന്റെ കത്തിൽ ആവശ്യപ്പെടുന്നു.
ജി. സുധാകരൻ മന്ത്രിയായപ്പോൾ പൊതുമരാമത്തിന്റെ ആവശ്യപ്രകാരം കേന്ദ്രം 36 കോടി രൂപ അനുവദിച്ചാണ് പ്രസ്തുത റോഡ് നവീകരിച്ചത്. ആലപ്പുഴയിൽ സി.പി.എം വിഭാഗീയത സജീവ ചർച്ചയായിരിക്കെയാണ് ആരിഫിന്റെ ആരോപണം എന്നതും ശ്രദ്ധേയമാണ്.
എന്നാൽ പാർട്ടിയിലെ വിഭാഗീതയുമായി ഇക്കാര്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് എ.എം.ആരിഫ് പ്രതികരിച്ചു. “റോഡിന്റെ ശോച്യാവസ്ഥ പരിഗണിച്ചാണ് കത്തുനൽകിയത്. കരാറുകാരും എൻജിനിയർമാരുമാണ് ഇതിന്റെ ഉത്തരവാദികൾ. സുധാകരൻ സത്യസന്ധമായാണ് ജോലി ഏറ്റെടുത്ത് ചെയ്യിച്ചത്. ” വിഷയം പാർട്ടി വിഭാഗീയതയുമായി ചേർത്തുവായിക്കരുതെന്നും ആരിഫ് പറഞ്ഞു.
Content Highlights: AM Arif MP alleges corruption in NH 66 reconstruction