ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ കേരളം സന്ദർശിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് സന്ദർശനം. ഈ മാസം 16-നാണ് കേന്ദ്ര മന്ത്രി കേരളം സന്ദർശിക്കുക. അദ്ദേഹത്തോടൊപ്പം എൻ.സി.ഡി.സി മേധാവിയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്, കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി എന്നിവരുമായികേന്ദ്ര ആരോഗ്യമന്ത്രി ഉൾപ്പെട്ട സംഘം കൂടിക്കാഴ്ച നടത്തും.
രാജ്യത്ത് നിലവിൽ ടി.പി.ആർ നിരക്ക് ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളമെന്നും വാക്സിൻ സ്വീകരിച്ചവരിൽ പോലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം നിലനിൽക്കുന്നത് കൊണ്ടുമാണ്സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി നേരിട്ട് സംസ്ഥാനം സന്ദർശിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
കേരളത്തിലെത്തുന്ന തൊട്ട് അടുത്ത ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി അസമുംസന്ദർശിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ഒരു രൂപരേഖയും കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തിന് കൈമാറുമെന്നും സൂചന. സംസ്ഥാനം ദീർഘനാളായി വാക്സിൻ ക്വാട്ട വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഈക്കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായേക്കും.
Content Highlights: central health minister mansukh mandaviya to visit kerala this month amid increasing covid case