കൊച്ചി> ഐഎസ്ആര് ഒ ചരക്കേസില് മുന് അന്വേഷണ ഉദ്യോഗസ്ഥര്ക്ക് ഹൈക്കോടതി മുന്കൂര് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. വിദേശ ശക്തികളുടെ സ്വാധീനത്തിന് വഴങ്ങി പ്രതികള് രാജ്യത്തിനെതിരെ പ്രവര്ത്തിച്ചതിന് തെളിവില്ലെന്ന് കോടതി ഉത്തരവില് വ്യക്തമാക്കി. പ്രതികള്ക്കെതിരെ ആരോപണം മാത്രമാണുള്ളതെന്നും കാല് നൂറ്റാണ്ട് മുന്പു നടന്ന സംഭവത്തില് പ്രായമായ മുന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി ജയിലില് അടയ്ക്കേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്റലിജന്സ് ബ്യൂറോ മുന് ജോയിന്റ് ഡയറക്ടര് ആര്.ബി.ശ്രീകുമാര്, പി.എസ്.
ജയപ്രകാശ്, എസ്.വിജയന്, തമ്പി. എസ്. ദുര്ഗാ ദത്ത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ്
അശോക് മേനോന് അനുവദിച്ചത്. സുപ്രീം കോടതി നിര്ദേശപ്രകാരമാണ്
കേസെടുത്തിട്ടുള്ളതെന്നും ചാരക്കേസില് രാജ്യത്തിനെതിരായ ഗൂഢാലോചന ഉണ്ടെന്നും
ജാമ്യാപേക്ഷ തള്ളണമെന്നുമുള്ള സിബിഐ വാദം കോടതി
കണക്കിലെടുത്തില്ല.
അറസ്റ്റ് ചെയ്താല് ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തുല്യ തുകക്കുള്ള രണ്ടാള് ജാമ്യത്തിലും വിട്ടയക്കണം. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോവരുതെന്നും കോടതി നിര്ദേശിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി മേലുദ്യോഗസ്ഥരുടെ നിര്ദേശ പ്രകാരമുള്ള നടപടികള് മാത്രമാണ് തങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന് പ്രതികള് വ്യക്തമാക്കി.തങ്ങള്ക്കെതിരെ വകുപ്പുതല അന്വേഷണം നടന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. കേസിലെ മറ്റൊരു പ്രതിക്ക് വിചാരണക്കോടതി ജാമ്യം
അനുവദിച്ചിട്ടുണ്ടെന്നും കേസുമായി സഹകരിക്കുന്നുണ്ടന്നും അറസ്റ്റിന്റെ ആവശ്യമില്ലെന്നും
പ്രതികള് ബോധിപ്പിച്ചു.