തിരുവനന്തപുരം > മാര്ക്സിസ്റ്റ് സൈദ്ധാന്തികന് പി ഗോവിന്ദപ്പിള്ളയുടെ പേരില് പി ജി സംസ്കൃതി കേന്ദ്രം ഏര്പ്പെടുത്തിയ പ്രഥമ ദേശീയ പുരസ്കാരത്തിന് സുപ്രീം കോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് അര്ഹനായി. കാട്ടായിക്കോണം വി ശ്രീധര് മന്ദിരത്തില് നടത്തിയ വാര്ത്താസമ്മേളനത്തില് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്കൃതി കേന്ദ്രം ചെയര്മാനുമായ എം എ ബേബിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപ, ബിഡി ദത്തന് രൂപകല്പ്പന ചെയ്ത ശില്പ്പം, പ്രശസ്തിപത്രം, എന്നിവയടങ്ങുന്നതാണ് പുരസ്കാരം.
ദേശീയ പൗരത്വം, ഭരണഘടനാവകാശങ്ങള്, മതനിരപേക്ഷത എന്നീ സമകാലിക വിഷയങ്ങളില് സമഗ്രസംഭാവന നല്കിയവരെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. അത്യസാധാരണമായ നീതിയുടെ പോരാളിയാണ് പ്രശാന്ത് ഭൂഷനെന്ന് എം എം ബേബി പറഞ്ഞു.
കവി സച്ചിദാനന്ദന്, എം എ ബേബി, ഡോ. ഖദീജ മുംതാസ്, മാധ്യമപ്രവര്ത്തക രുചിര ഗുപ്ത, സംസ്കൃതി കേന്ദ്രം സെക്രട്ടറി കെ സി വിക്രമന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്ണയിച്ചത്. വാര്ത്താ സമ്മേളനത്തില് സംസ്കൃതി കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടര് ആനാവൂര് നാഗപ്പന്, സെക്രട്ടറി കെ സി വിക്രമന് എന്നിവരും പങ്കെടുത്തു. പുരസ്കാരസമര്പ്പണ തീയതി പിന്നീട് അറിയിക്കും.