ഉദ്യോഗാർഥികളിൽ പലരും ചൂഷണങ്ങൾക്കും അനഭിലഷണീയമായ പ്രവണതകൾക്കും വിധേയരാകുന്നുണ്ട്. ഇതോടെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി പുനഃപരിശോധിക്കുന്ന കാര്യം ആലോചിക്കുന്നതെന്നും എച്ച് സലാമിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ഒഴിവ് വരുന്നതിന് സമാനമായി റാങ്ക് പട്ടിക ചുരുക്കുന്നതോടെ ഉദ്യോഗാർഥികൾക്ക് അനാവശ്യ പ്രതീക്ഷ നൽകുന്ന സാഹചര്യം ഉണ്ടാകില്ല. ഒഴിവുകളേക്കാൾ കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്തുന്ന രീതി അനഭലഷണീയമാണ്. ഇക്കാര്യത്തിൽ വ്യക്തമായ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷൻ്റെ ശുപാർശ അനുസരിച്ചാകും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളും പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുമെന്നതാണ് സർക്കാരിൻ്റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകൾ കൃതൃതയോടെ ഓൺലൈൻ മുഖേനെ റിപ്പോർട്ട് ചെയ്യാൻ എല്ലാ നിയമനാധികാരികൾക്കും സർക്കാർ കർശന നിർദേശം നൽകും. പിഎസ്‍സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.