തിരുവനന്തപുരം:സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പന നടപ്പിലാക്കാൻ വൈകുമെന്ന് സൂചന. മദ്യശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഓൺലൈനായി മദ്യവിൽപനയ്ക്ക് ബെവ്കോ നീക്കം തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പഴവങ്ങാടി ഉൾപ്പെടെയുള്ള 13 ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കിയിരുന്നു.
ബെവ്കോ സൈറ്റുവഴിഔട്ട്ലെറ്റ് തിരഞ്ഞെടുത്ത് പണമടച്ചതിന് ശേഷം അതിന്റെ രസീതുമായി ഔട്ട്ലെറ്റിലെത്തി മദ്യം വാങ്ങുന്ന രീതിയാണ് ബെവ്കോ പരീക്ഷിച്ചത്. ഇത് നിലവിൽ ഭാഗികമായി വിജയകരമാണെന്ന് ബെവ്കോ വിലയിരുത്തുന്നു.
എന്നാൽ സംസ്ഥാനം മുഴുവൻ ഈ രീതി പ്രാവർത്തികമാക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ധാരാളമുണ്ടെന്ന് ബെവ്കോ അറിയിച്ചു. നിലവിൽ 301 ഔട്ട്ലെറ്റുകളാണ് കേരളത്തിൽ ആകെ ബെവ്കോയ്ക്ക് ഉള്ളത്. ബാക്കി കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലെറ്റുകളാണ്. ഇതിൽ നാമമാത്രമായ ഔട്ട്ലെറ്റുകളിൽ മാത്രമാണ് കംപ്യൂട്ടറൈസേഷൻ നടന്നിട്ടുള്ളത്. ഇത്രയും ഔട്ട്ലെറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തന്നെ മാസങ്ങൾ വേണ്ടിവരും. അതിനാൽ ഇത്തവണ ഓണത്തിന് ഓൺലൈൻ മദ്യവിൽപന പ്രാവർത്തികമാകില്ലെന്നും ബെവ്കോ അറിയിച്ചു.
ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്കും സാഹചര്യങ്ങളും ഹൈക്കോടതിയുടെ വിമർശനത്തിനും കാരണമായിരുന്നു. മദ്യം വാങ്ങാനെത്തുന്നവർ കാത്തുകെട്ടി നിൽക്കേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം.അത്തരമൊരു സാഹചര്യത്തിലാണ് ഓൺലൈൻ വിൽപ്പനയുടെ സാധ്യത പരീക്ഷിച്ചത്.
നിലവിലെ കോവിഡ് നിയന്ത്രണ രീതി പ്രകാരം കോവിഡ് വാക്സിൻ എടുത്തവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമേ ബെവ്കോ ഔട്ട്ലെറ്റുകളിലും, ബാറുകളിലും വഴി മദ്യം വാങ്ങാൻ സാധിക്കു. അതിനാൽ തന്നെ നിലവിൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് കുറവാണെന്നാണ് വിലയിരുത്തൽ. കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
content highlights:online liquor sale may be delayed in kerala