തിരുവനന്തപുരം
ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 2000 നാടൻ പച്ചക്കറി ചന്ത സംഘടിപ്പിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16ന് വൈകിട്ട് 3.30ന് തിരുവനന്തപുരം പാളയം ഹോർട്ടികോർപ് വിപണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൃഷിഭവനുകൾ, ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ നേതൃത്വത്തിൽ 17 മുതൽ 20 വരെയാണ് വിപണികൾ. കൃഷിഭവനുകൾ മുഖാന്തരം 1350 വിപണിയും ഹോർട്ടി കോർപ്പിന്റെ 500 വിപണിയും വിഎഫ്പിസികെയുടെ 150 വിപണിയും ഇതിലുൾപ്പെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.
എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ഓണം വിപണികളിലേക്ക് ആവശ്യമായ പഴം പച്ചക്കറി ഉൽപ്പന്നങ്ങൾ പരമാവധി അതാത് ജില്ലകളിലെ കർഷകരിൽനിന്നായിരിക്കും സംഭരിക്കുക. സംസ്ഥാനത്ത് ഉൽപ്പാദനമില്ലാത്ത പച്ചക്കറികൾ മാത്രം അയൽസംസ്ഥാനങ്ങളിൽനിന്നും ഹോർട്ടികോർപ് മുഖേന എത്തിക്കും. കർഷകരിൽനിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ കർഷകർക്ക് പൊതു വിപണികളിൽനിന്നും ലഭ്യമാകുന്ന അതത് ഇനങ്ങളുടെ സംഭരണ വിലയേക്കാൾ 10 ശതമാനം അധികം വില നൽകിയാകും സംഭരിക്കുക. വിൽപ്പന നടത്തുമ്പോൾ പൊതുവിപണി വിൽപ്പന വിലയിൽനിന്നും 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഉത്തമ കൃഷി സമ്പ്രദായത്തിലൂടെ ഉൽപ്പാദിപ്പിച്ച ജിഎപി ഉൽപ്പന്നങ്ങൾ സംഭരിക്കുമ്പോൾ പൊതു വിപണിയിൽനിന്നും കർഷകർക്ക് ലഭിക്കുന്ന സംഭരണ വിലയേക്കാൾ 20 ശതമാനം അധികം വില നൽകി സംഭരിക്കുകയും പൊതു വിപണിയിൽ വിൽക്കുന്ന വിലയിൽനിന്ന് 10 ശതമാനം സബ്സിഡി നൽകിയുമാണ് വിൽക്കുക. സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെയും മറ്റു ജൈവകൃഷി പദ്ധതികളിലൂടെയും ഉൽപ്പാദിപ്പിക്കുന്നവയാണ് പ്രത്യേക പായ്ക്കിങ്ങിൽ ജിഎപി ഉൽപ്പന്നങ്ങൾ എന്ന ലേബലിൽ വിൽക്കുക.
നൂറ് രൂപ വിലയുള്ള പച്ചക്കറി കിറ്റുകൾ പ്രത്യേകം വിപണിയിൽ ഉണ്ടാകും. പഴം, പച്ചക്കറി ഉൽപ്പന്നങ്ങൾ കൂടാതെ മറയൂർ ശർക്കര, മറയൂർ വെളുത്തുള്ളി, കേര വെളിച്ചെണ്ണ, തേൻ, കൃഷിവകുപ്പ് ഫാമുകളുടെ ഉൽപ്പന്നങ്ങൾ, വട്ടവട, കാന്തല്ലൂർ പച്ചക്കറികൾ എന്നിവയും വിൽപ്പനയ്ക്കുണ്ടാകും.