തിരുവനന്തപുരം: ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള അക്രമങ്ങളിൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും പൊതു നിർദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡോക്ടർമാർക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗസ്റ്റ് 9ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്തിടെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള അക്രമങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. ഡോക്ടർമാർക്ക് ജോലി നിർവഹിക്കാൻ എല്ലാ സൗകര്യവും സർക്കാർ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിലെ കാഷ്വാലിറ്റി, ഒ.പി. പരിസരങ്ങളിൽ സി.സി.ടി.വി. സ്ഥാപിക്കുന്നതാണ്. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സി.സി.ടി.വി. സംവിധാനം എയിഡ് പോസ്റ്റുമായി ബന്ധപ്പെടുത്തും. സി.സി.ടി.വി. കാര്യക്ഷമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ഒരു ഓഫീസർക്ക് സൂപ്രണ്ട് പ്രത്യേക ചുമതല നൽകും. പാരാമെഡിക്കൽ ജീവനക്കാർക്കും മറ്റുള്ളവർക്കും സെക്യൂരിറ്റി സംബന്ധമായ പരിശീലനം ആശുപത്രി സൂപ്രണ്ട് ഉറപ്പ് വരുത്തുന്നതാണ്.
ഒ.പി., കാഷ്വാലിറ്റി പരിസരത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഇനി മുതൽ വിമുക്തഭടന്മാരുടെ സൊസൈറ്റി/സംഘടന എന്നിവയിൽ നിന്നും മാത്രം നിയമിക്കുന്നതാണ്. ആശുപത്രി വികസന സമിതികൾ അല്ലെങ്കിൽ മാനേജ്മെന്റ് കമ്മിറ്റികൾ ഇനിമുതൽ വിമുക്തഭടൻമാരെ മാത്രമേ നിയമിക്കാവൂ.