കൊച്ചി: സീറോ മലബാർ സഭ ഭൂമി ഇടപാടിൽ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ആദായനികുതി വകുപ്പ്. ഇടപാടിൽ വൻ നികുതി വെട്ടിപ്പ് നടന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു. മൂന്നരക്കോടി രൂപ പിഴ ഇനത്തിൽ അടയ്ക്കണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു.
കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ മുൻ പ്രൊക്യുറേറ്റർ ജോഷി പുതുവ നിർണായക മൊഴിയും നൽകി. ഇടനിലക്കാരൻ സാജു വർഗ്ഗീസിനെ പരിചയപ്പെടുത്തിയത് കർദിനാൾആലഞ്ചേരിയാണെന്നും രജിസ്ട്രേഷൻ പേപ്പറുകൾ തയ്യാറാക്കി കർദിനാളിന് കൈമാറിയത് സാജുവാണെന്നും ജോഷി മൊഴി നൽകി. കോട്ടപ്പടി ഭൂമി മറിച്ചുവിൽക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള ചിലരുമായി കർദിനാൾ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ജോഷിയുടെ മൊഴിയിൽ പറയുന്നു.
യഥാർഥ വിലയെക്കാൾ കുറച്ചുകാണിച്ചാണ് ഇടപാട് നടന്നത്. എന്നാൽ എറണാകുളം അതിരൂപതയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നില്ല. മാത്രമല്ല കൂടുതൽ തുകയുടെ വിൽപ്പന ഭൂമിയുമായി ബന്ധപ്പെട്ട് നടന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഭൂമി വിലയുടെ കണക്കെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ 14 പേജുള്ള റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. കേസിൽ നേരത്തെ രണ്ടരക്കോടിയോളം രൂപ പിഴയൊടുക്കിയിരുന്നു. ഇതിനുശേഷം വീണ്ടും നടത്തിയ കണക്കെടുപ്പിലാണ് ഇപ്പോൾ മൂന്നരക്കോടി രൂപ കൂടി പിഴയടക്കാൻ നിർദേശിച്ചത്.
ഭൂമി ഇടപാട് കേസിൽ വിചാരണ നേരിടണമെന്ന എറണാകുളം സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള കർദിനാളിന്റെ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവന്നത്.
content highlights:income tax department alleges serious irregularities in syro malabar church land deal