തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ ഭൂമി ഇടപാട് കണ്ടെത്താൻ ശ്രമം. വിശദാംശങ്ങൾ തേടി രജിസ്ട്രേഷൻ ഐജിക്ക് അന്വേഷണ സംഘം കത്ത് നൽകി. പ്രതികളുടേയും ബന്ധുക്കളുടേയും പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂമിയിടപാട് സംബന്ധിച്ചുള്ള വിവരങ്ങളാണ് ആരാഞ്ഞത്.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ ഭൂമി വാങ്ങിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളുടെ പേരിലും ബന്ധുക്കളുടെ പേരിലും ബിനാമികളുടെ പേരിലും വസ്തുക്കൾ വാങ്ങി കൂട്ടിയിട്ടുണ്ട്. അത് ഏതെല്ലാമാണെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. പ്രതികളുടെ സ്വത്ത് വിലയിരുത്തുന്നതിനുകൂടിയാണ് ഈ നടപടി.
റിസോർട്ട് ഇടപാടിനുൾപ്പടെ തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതികൾ കൈമാറിയിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അതും പരിശോധിച്ചുവരികയാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികൾ ബാങ്ക് ഭരണസമിതിക്കെതിരേ മൊഴി നൽകിയിട്ടുണ്ട്. എല്ലാ ഇടപാടുകളും ഭരണസമിതിയുടെ അറിവോടുകൂടിയാണെന്ന് പ്രതികൾ അന്വേഷണസംഘത്തോട് പറഞ്ഞു.