തിരുവനന്തപുരം
ഒരേ വീട്ടിൽ താമസിക്കുന്ന രണ്ടു കുടുംബത്തിന് റേഷൻ കാർഡ് എടുക്കാൻ നിയമതടസ്സമില്ലെന്ന് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു. ഒരു വീട്ടു നമ്പരിൽ രണ്ടു കുടുംബം താമസിക്കുന്നുണ്ടെന്ന വിവരം താലൂക്ക് സപ്ലൈ ഓഫീസറെയോ റവന്യൂ ഇൻസ്പെക്ടറെയോ ബോധ്യപ്പെടുത്തിയാൽ മതി. റവന്യൂ ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീസർക്ക് തീരുമാനം എടുക്കാം. വീടുപണി പൂർത്തിയാകാത്തതിനാൽ വീട്ടു നമ്പർ കിട്ടാതെയുണ്ടെങ്കിൽ വസ്തുത പരിശോധിച്ച് താലൂക്ക് സപ്ലൈ ഓഫീസർക്ക് കാർഡിന് അനുമതി നൽകാം.
പുറമ്പോക്കിൽ താമസിക്കുന്നവർക്ക് വീട്ടു നമ്പർ കോളത്തിൽ ‘00 ’ രേഖപ്പെടുത്തി കാർഡ് അനുവദിക്കാമെന്നും ഇ ടി ടൈസന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.