കൊച്ചി
സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ വീണ്ടും തുറക്കുന്ന കാര്യം സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്നും ഇക്കാര്യത്തിൽ സമ്മർദം ചെലുത്തില്ലെന്നും തിയറ്റർ ഉടമാസംഘടന. തിയറ്ററുകൾ അടഞ്ഞുകിടക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ സർക്കാരിനെ അറിയിക്കും. ഓണത്തിനുമുമ്പ് തിയറ്റർ തുറക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) ജനറൽ സെക്രട്ടറി എം സി ബോബി പറഞ്ഞു. തിയറ്റർ പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്.
പത്തുമാസത്തെ അടച്ചിടലിനുശേഷം ജനുവരി 13നാണ് നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറന്നത്. രണ്ടാംതരംഗം രൂക്ഷമായപ്പോൾ 101 ദിവസത്തെ പ്രവർത്തനശേഷം ഏപ്രിൽ 25ന് വീണ്ടും അടച്ചു. ഇപ്പോഴും തിയറ്ററുകൾ തുറക്കാവുന്ന സ്ഥിതിയല്ലെന്ന് അറിയാം. അതിനാൽ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെടില്ല. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം അനുസരിക്കും. തിയറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഉടമകൾ വലിയ പ്രതിസന്ധിയിലാണ്. നികുതി അടവ് ഉൾപ്പെടെ കാര്യങ്ങളിൽ ഇളവുകൾ പ്രതീക്ഷിക്കുന്നു. ദീർഘകാലം അടച്ചിട്ടശേഷം തിയറ്ററുകൾ തുറക്കുമ്പോൾ വൻ സാമ്പത്തികബാധ്യതയും ഉണ്ടാകും. അക്കാര്യത്തിലും ആശ്വാസനടപടികൾ ഉണ്ടാകണം. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് അറിയിക്കാനും യോഗം തീരുമാനിച്ചതായി എം സി ബോബി പറഞ്ഞു.
ഒരു സ്ക്രീനിൽ പ്രദർശനം പുനരാരംഭിക്കാൻ പത്തുലക്ഷം രൂപയോളം അധികച്ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ളവയ്ക്കാണിത്. വിനോദനികുതിയിൽ ഇളവ്, വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കൽ, അറ്റകുറ്റപ്പണികൾക്ക് പലിശരഹിതവായ്പ തുടങ്ങിയ ആവശ്യങ്ങൾ തിയറ്റർ ഉടമകൾ സർക്കാരിനുമുന്നിൽ വച്ചിരുന്നു. വിവിധ നികുതിയിളവും ആവശ്യപ്പെട്ടിരുന്നു.
മോഹൻലാൽ നായകനായ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, ആസിഫലിയുടെ ‘കുഞ്ഞെൽദോ’ തുടങ്ങിയ ചിത്രങ്ങൾ ഓണത്തിന് തിയറ്ററിൽ റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ്. തിയറ്റർ റിലീസ് അനിശ്ചിതത്വത്തിലായതോടെ പൃഥ്വിരാജിന്റെ ‘കുരുതി’ ബുധനാഴ്ച ഒടിടിയിൽ റിലീസ് ചെയ്തു.