കൊച്ചി
ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചത് അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കേന്ദ്രസർക്കാർ ഏജൻസിക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാരിന് അധികാരമില്ലെന്ന ഇഡിയുടെ വാദം പരിഗണിച്ചാണ് നടപടി.
സമാന്തര അന്വേഷണം പ്രതികൾക്ക് ഗുണം ചെയ്യുമെന്നും അന്വേഷണം വഴിതെറ്റിക്കുമെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്ര, –സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. ഇഡി എതിർകക്ഷികളാക്കിയ മുഖ്യമന്ത്രിക്കും കമീഷൻ ചെയർമാനും നോട്ടീസ് അയക്കേണ്ടതില്ലെന്നും നിർദേശിച്ചു.
സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇഡിതന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സാമ്പത്തികകോടതിയെ സമീപിക്കാൻ ഹൈക്കോടതി സർക്കാരിന് അനുവാദം നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കാനാണ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി കെ മോഹനൻ അധ്യക്ഷനായി സർക്കാർ കമീഷനെ വച്ചത്. മുഖ്യമന്ത്രിക്കെതിരെ തെളിവ് നൽകാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.