തിരുവനന്തപുരം
കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുകേസിൽ സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തു. ക്രമക്കേടിൽ വിജിലൻസ് അന്വേഷണവും സർക്കാർ തീരുമാനിച്ചു. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പിന് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്ന പ്രാഥമിക വിലയിരുത്തലിലാണ് വിജിലൻസ് അന്വേഷണം.
തട്ടിപ്പുകാലത്ത് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട വിവിധ തസ്തികകൾ വഹിച്ച ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. സർക്കാർ നിയോഗിച്ച ഉന്നത അന്വേഷണസമിതിയുടെ ഇടക്കാല റിപ്പോർട്ടിലാണ് സഹകരണ പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണിയുടെ നടപടി.
ബാങ്കിൽ ഫലപ്രദമായ പരിശോധന ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ടുകളിൽ ചുണ്ടിക്കാട്ടിയ അപാകങ്ങളിലും നടപടിയുണ്ടായില്ല. കൺകറന്റ് ഓഡിറ്റർ ക്രമക്കേടുകളുടെ പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചില്ല. 2014–-15ലെ ഓഡിറ്റുമുതൽ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ട ക്രമക്കേടുകളിലും നടപടിയുണ്ടായില്ല. അതിനാൽ ഓഡിറ്റ്, ജനറൽ വിഭാഗങ്ങളിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരെല്ലാം കുറ്റക്കാരാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് നടപടി. കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
സസ്പെൻഷനിലായ
സഹ. വകുപ്പിലെ ഉദ്യോഗസ്ഥർ
കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടിൽ സസ്പെൻഷനിലായ സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥർ:
തൃശൂർ ജോയിന്റ് രജിസ്ട്രാർ ജനറൽ മോഹൻമോൻ പി ജോസഫ്, സംസ്ഥാന സഹകരണ ബാങ്ക് പാലക്കാട് റീജ്യണൽ ഓഫീലെ ജോയിന്റ് ഡയറക്ടർ എം ഡി രഘു, സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർ, തലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഷാലി ടി നാരായണൻ, തൃശൂർ ജോയിന്റ് രജിസ്ട്രാർ ജനറൽ ഓഫീസിലെ പ്ലാനിങ് വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ കെ ഒ പിയുസ്, ഇതേ ഓഫീസിലെ സിആർപി സെക്ഷൻ ഇൻസ്പെക്ടർ കെ ആർ ബിനു, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എം സി അജിത്, ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ ഒ ഡേവിസ്, കൊട്ടാരക്കര സഹകരണ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ പി രാമചന്ദ്രൻ, മുകുന്ദപുരം ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ടി കെ ഷേർലി, ചാവക്കാട് ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ സീനിയർ ഓഡിറ്റർ ബിജു ഡി കുറ്റിക്കാട്, കൊടുങ്ങല്ലൂർ അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ വി ആർ ബിന്ദു, ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് സീനിയർ ഇൻസ്പെക്ടർ എ ജെ രാജി, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ വി വി പ്രീതി, മുകുന്ദപുരം അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് ഓഫീസിലെ സീനിയർ ഓഡിറ്റർ എം എസ് ധനൂപ്, തൃശൂർ അസിസ്റ്റന്റ് രജിസ്ട്രാർ ബിന്ദു ഫ്രാൻസിസ്.