കൊച്ചി > ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും എതിരെ തെളിവില്ലെന്ന് കസ്റ്റംസുതന്നെ വിധിയെഴുതിയ കാരണംകാണിക്കൽ നോട്ടീസ് വീണ്ടും ചർച്ചയാക്കി മാധ്യമങ്ങൾ. പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത് എന്നിവർ കസ്റ്റംസിന് നൽകിയ മൊഴിയിലെ പരാമർശങ്ങളാണ് ചാനലുകൾ ബ്രേക്കിങ് ആയി അവതരിപ്പിച്ചത്. ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ നൽകിയതിന് തൊട്ടുമുമ്പാണ് വാർത്ത ചാനലുകളിലും പ്രമുഖ മാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിലും ഈ പരാമർശങ്ങൾ ഒരുപോലെ പ്രത്യക്ഷപ്പെട്ടത്.
ജൂലൈ 29നാണ് ഡോളർ കടത്തുകേസിലെ നാല് പ്രതികൾക്ക് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ഈമാസം ആദ്യം പ്രധാന പത്രങ്ങളിലെല്ലാം അത് വാർത്തയായി. മുഖ്യമന്ത്രിക്കും മുൻ സ്പീക്കർക്കും എതിരെ സ്വപ്നയും സരിത്തും ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് കണ്ടെത്താനായില്ലെന്ന കസ്റ്റംസിന്റെ ഏറ്റുപറച്ചിലാണ് ഇതിൽ പ്രധാനം. പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങളും വാർത്തയായി. 2017ൽ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് എം ശിവശങ്കറിന്റെ നിർദേശപ്രകാരം പൊതുഭരണവകുപ്പിൽനിന്ന് ചതുരാകൃതിയിലുള്ള പൊതി അറ്റാഷെ അഹമ്മദ് അൽ ദൗക്കിവഴി യുഎഇയിൽ എത്തിച്ചുവെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണൻ കൈമാറിയ പൊതി താൻ കോൺസൽ ജനറലിന് എത്തിച്ചെന്നും പിടിച്ചുനോക്കിയപ്പോൾ കറൻസിയാണെന്ന് മനസ്സിലായെന്നുമാണ് സരിത്തിന്റെ മൊഴി.
രണ്ട് സംഭവങ്ങളിലും സ്വപ്നയും സരിത്തും നൽകിയ മൊഴിയല്ലാതെ തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് നോട്ടീസിൽ പറയുന്നില്ല. അന്വേഷണം തുടരുകയാണെന്ന ഏറ്റുപറച്ചിലുമുണ്ട്. കുറ്റകൃത്യങ്ങളിൽ സൂത്രധാരകരായിരുന്ന കോൺസൽ ജനറലുൾപ്പെടെ രാജ്യം വിട്ടതിനാൽ അവരെ ചോദ്യംചെയ്തില്ല. അതും തെളിവ് കണ്ടെത്താനാകാത്തതിന് കാരണമായെന്നാണ് കസ്റ്റംസിന്റെ വാദം.
പ്രതികൾക്കുള്ള 78 പേജുള്ള നോട്ടീസിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പ്രധാനികളായി നടന്ന ഡോളർ കടത്തിനെക്കുറിച്ചാണ് പ്രധാനവിശദീകരണം. കേരളത്തിൽനിന്ന് ആരെങ്കിലും പങ്കാളിയാണോ എന്ന് കസ്റ്റംസ് പ്രതികളോട് ചോദിക്കുന്നു. ‘മുതിർന്ന രാഷ്ട്രീയ നേതാക്കൾ’ എന്ന് സ്വപ്നയുടെ മറുപടി. അതാരൊക്കെ എന്ന് കസ്റ്റംസിന്റെ ചോദ്യം. അതിനു മറുപടിയായാണ് സ്വപ്നയും സരിത്തും മുഖ്യമന്ത്രിക്കും മുൻ സ്പീക്കർക്കുമെതിരെ മൊഴി നൽകുന്നത്. ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവുണ്ടായ ദിവസംതന്നെ ഒരുകൂട്ടം മാധ്യമങ്ങൾ അത് വീണ്ടും വാർത്തയാക്കി എന്നതും പ്രധാനം.















