തൃശൂർ > കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ രണ്ട് പ്രതികൾകൂടി അറസ്റ്റിൽ. ബാങ്ക് മാനേജരായിരുന്ന രണ്ടാം പ്രതി ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ വെസ്റ്റ് മൂത്രത്തിപ്പറമ്പിൽ ബിജു കരീം (45), മൂന്നാം പ്രതി സീനിയർ അക്കൗണ്ടന്റായിരുന്ന പൊറത്തിശേരി ചെല്ലക്കര വീട്ടിൽ ജിൽസ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇരുവരും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങുകയായിരുന്നു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇനിയും മൂന്നുപേർകൂടി പിടിയിലാകാനുണ്ട്. തൃശൂർ നഗരത്തിലെ കൊള്ളപ്പലിശക്കാരിൽനിന്ന് വായ്പ എടുത്തതായി പ്രതികൾ അന്വേഷകസംഘത്തിന് മൊഴി നൽകി. പലിശയായി 14 കോടി അടച്ചത് ബാങ്കിൽനിന്ന് എടുത്തതാണെന്നും പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ബിനാമി ഇടപാടിൽ കേസിലെ മറ്റ് പ്രതികൾക്കും പങ്കുണ്ടെന്നാണ് ബാങ്ക് സെക്രട്ടറിയായിരുന്ന ഒന്നാം പ്രതി സുനിൽകുമാറിന്റെ മൊഴി.
കഴിഞ്ഞ ദിവസമാണ് സുനിൽകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. മുഖ്യപ്രതിയായ സുനിൽകുമാർ പദവി ദുരുപയോഗം ചെയ്ത് രണ്ടാം പ്രതി ബിജു കരീമുമായി ചേർന്ന് 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. വ്യാജരേഖ ചമച്ചും സോഫ്റ്റ് വെയറിൽ ക്രമക്കേട് നടത്തിയും തട്ടിപ്പ് നടന്നതായും പൊലീസ് പറയുന്നു. സുനിൽകുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അന്വേഷകസംഘം കോടതിയിൽ അപേക്ഷ നൽകി.















