തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസ്സും ഉത്സവബത്തയും ലഭിക്കും. 4,85,000 സർക്കാർ ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബോണസ്സും ഉത്സവ ബത്തയും എത്രതുക നൽകണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കും. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തീരുമാനമായതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാത്ത ജീവനക്കാർ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നൽകണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷം 27360 രൂപ വരെ ശമ്പളമുള്ള ജീവനക്കാർക്ക് 4000 രൂപയായിരുന്നു ബോണസ്. ഇതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 2750 രൂപ ഉത്സവബത്ത മാത്രം നൽകിയിരുന്നു. 15000 രൂപ വരെ ശമ്പളം മുൻകൂറായും നൽകിയിരുന്നു. എന്നാൽ ഇത്തവണ ഓണം ആഗസ്ററ് 21ന് ആയതിനാൽ ശമ്പളം അഡ്വാൻസായി നൽകില്ല.
content highlights : bonus for kerala state government employees