കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിക്കെതിരേയുള്ള അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചസംസ്ഥാന സർക്കാരിന് തിരിച്ചടി.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരേയുള്ള ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.
കേസുമായി ബന്ധപ്പെട്ട് എതിർ കക്ഷികളായ അഡീഷണൽ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയൻ, ഡിപ്പാർട്മെന്റ് ഓഫ് ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ മൂന്ന് പേർക്കും നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.
സ്വർണക്കടത്ത് കേസ് നിലനിൽക്കുന്നതുവരെ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് പ്രകാരം ഒരു കേന്ദ്ര ഏജൻസിക്കെതിരേ സംസ്ഥാന സർക്കാരിന് ഇത്തരത്തിലൊരു കമ്മീഷനെ വെക്കാൻ അധികാരമില്ലെന്നും ഈ കമ്മീഷനെ നിശ്ചയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിലപാട് അധികാരദുർവിനിയോഗമാണെന്നുമാണ്ഇഡി കോടതിയിൽ വാദിച്ചത്.കമ്മീഷന് നിയമപരമായി ഒരു സാധുതയുംഇല്ലെന്നും ഇഡി കോടതിയെ അറിയിച്ചു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന്ഉണ്ടാകുന്നതെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി.
ജുഡീഷ്യൽ കമ്മീഷനെതിരായ ഇഡിയുടെ ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഇത്തള്ളിയാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്. റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായ കമ്മീഷനായിരുന്നു ജുഡീഷ്യൽ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പലർക്കും നോട്ടീസ് അയച്ചിരുന്നു. ഇഡിക്കെതിരായി ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച പരാതി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തിരിക്കുന്നുവെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കോടതി വിശദമായ വാദം കേൾക്കും.
content highlights:gold smuggling case, highcourt stayed judicial enquiry against ED