കൊച്ചി > ഇഡിയ്ക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിൽ ഹൈക്കോടതിയുടേത് ഇടക്കാല സ്റ്റേ മാത്രമാണെന്നും വിഷയത്തിൽ നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് സംസഥാന സർക്കാർ തീരുമാനമെടുക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ.
ഇഡിയ്ക്കെതിരായ അന്വേഷണം സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് നിയമപരമായ പരിശോധനകൾക്ക് ശേഷം എടുത്ത തീരുമാനമാണ്. സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയ്ക്ക് ഉളളിൽ നിന്ന് ഇഡി പ്രവർത്തിച്ച സമയത്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേന്ദ്ര ഏജൻസികൾ തെരഞ്ഞെടുപ്പിന് മുമ്പ് എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് കണ്ടതാണ്. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയായിരുന്നു.
അത് സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തിലേക്ക് ഇടപെടുന്ന തരത്തിലേക്ക് മാറിയപ്പോൾ ജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധമുണ്ടായി. ഭരണഘടന കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക് പ്രവർത്തിക്കാനുള്ള മേഖലകൾ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന നൽകുന്ന അവകാശങ്ങൾ നിർവഹിക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യങ്ങളിലേക്ക് സംഭവങ്ങളെ നീക്കാൻ ശ്രമിച്ചപ്പോൾ ജുഡീഷ്യൽ അന്വേഷണത്തിലൂടെ വസ്തുത കണ്ടെത്തുക എന്നതാണ് സർക്കാർ ചെയ്തതെന്നും വിജയരാഘവന് പറഞ്ഞു.
ഇതിൽ ഒരു നിയമ പ്രശ്നം നിലനിൽക്കുന്നുണ്ട്. സർക്കാരിന്റെ ദൈനംദിന പ്രശ്നങ്ങളിൽ കേന്ദ്ര ഏജൻസികൾക്ക് എത്രമാത്രം എടപെടാനാകും. അത് ഭരണഘടന സർക്കാരിന് നൽകുന്ന പരിരക്ഷയ്ക്ക് അപ്പുറത്തേക്ക് പോകുന്നുണ്ടോയെന്നതാണ് ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. അതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ച് ഒരു സ്റ്റേ വാങ്ങിയെന്നത് കൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല.
നിയമപരമായി വീണ്ടും തങ്ങളുടെ ഭാഗം കോടതിയ്ക്ക് മുന്നിൽ പറയാൻ ഗവൺമെന്റിന് കഴിയും. നിയമ വ്യവസ്ഥ നിലനിൽക്കുന്ന സമൂഹത്തിൽ ഇത്തരങ്ങൾ തീരുമാനങ്ങൾ എടുക്കേണ്ടിവരും. അത് നിയമപരവും ഭരണഘടനാപരവുമാണ്. അത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോൾ കോടതിയിൽ ചർച്ച ചെയ്യും. നിയമപരമായും നിയമ വിധേയമായുമാണ് സർക്കാർ പ്രവർത്തിക്കുക. സർക്കാരിന്റെ തീരുമാനത്തിൽ കോടതി ഒരു അഭിപ്രായം പറഞ്ഞാൽ ചില കാര്യങ്ങളിൽ അത് അന്തിമമായി തീരുമാനമായി സ്വീകരിക്കും. അല്ലെങ്കിൽ ആ അഭിപ്രായം അംഗീകരിച്ചുകൊണ്ട് തന്നെ അതിന് മുകളിൽ എന്താണ് നടപടിക്രമം എന്ന് പരിശോധിച്ച് തിരുമാനമെടുക്കും.
നിയമോപദേശവും നിർദ്ദേശങ്ങളും കേട്ടശേഷം ഉത്തമ വിശ്വാസത്തോടെ സംസ്ഥാന സർക്കാർ എടുത്ത തീരുമാനമാണ് ജുഡീഷ്യൽ അന്വേഷണം. ഹൈക്കോടതിയുടെ സ്റ്റേ സ്വഭാവികവും നിതിന്യായ വ്യവസ്ഥയുടെ ഭാഗവുമാണ്. അത് മറികടന്ന് മുന്നോട്ട് പോകാനാകുമോ എന്നെല്ലാം പരിശോധിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഒരു വിവാദത്തിലേക്ക് വിഷയത്തെ കൊണ്ടുപോകരുതെന്നും വിജയരാഘവൻ പറഞ്ഞു.