തിരുവനന്തപുരം: വാക്സിൻ ചലഞ്ച് മുഖേന സമാഹരിച്ച പണം സംസ്ഥാന സർക്കാർ എന്തുചെയ്യുമെന്ന് ആരാഞ്ഞ് പി.സി.വിഷ്ണുനാഥ് എം.എൽ.എ. സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 126 കോടി രൂപ സർക്കാർ അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിഷ്ണുനാഥിന്റെ ചോദ്യം.
സൗജന്യ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് സർക്കാർ മറന്നോയെന്നും കൃത്യവും വ്യക്തവുമായ ഉത്തരം ജനങ്ങളോട് പറയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിഷ്ണുനാഥ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
കോവിഡ് വാക്സിൻ വാങ്ങാനായി 1000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരിക്കുന്നുവെന്നൊരു പ്രഖ്യാപനം സർക്കാർ നടത്തിയിരുന്നു.വാക്സിൻ വാങ്ങുന്നതിനായി വാക്സിൻ ചലഞ്ച് മുഖേന മുഖ്യമന്ത്രി തന്നെ നേരിട്ട് ജനങ്ങളോട് അഭ്യർത്ഥിച്ചു പണം സമാഹരിച്ചിരുന്നു.
പുതുതായി ഇറങ്ങിയ സർക്കാർ ഉത്തരവിന്റെ കോപ്പിയാണ് ചുവടെ. ഇതുപ്രകാരം സി.എം.ഡി.ആർ.എഫിൽ നിന്നും 20 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ വാങ്ങുന്നതിനുവേണ്ടി പണം അനുവദിച്ചിരിക്കയാണ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആവശ്യമനുസരിച്ച് വാക്സിൻ വാങ്ങുന്നതിനു വേണ്ടി നൂറ്റി ഇരുപത്തിയാറ് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മുൻകൂറായി അനുവദിച്ചത്.
ഉത്തരവിൽ പറയുന്നത് പ്രകാരമാണെങ്കിൽ വാങ്ങുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് കൊടുക്കുന്നു. സ്വകാര്യ ആശുപത്രികൾ അതിന്റെ തുക സർക്കാറിന് നൽകേണ്ടതാണ്. പകരം ജനങ്ങൾക്ക് വാക്സിൻ കുത്തിവെക്കുമ്പോൾ സ്വകാര്യ ആശുപത്രികൾ അവരിൽ നിന്നും പണം ഈടാക്കും. ഫലത്തിൽ ഈ വാക്സിൻ വാങ്ങിയതിന്റെ പണം സർക്കാറിന് ജനങ്ങൾ കൊടുക്കുകയാണ്.
അപ്പോൾ വാക്സിൻ ചലഞ്ച് മുഖേന സമാഹരിച്ച പണം എന്തു ചെയ്യും? ബജറ്റിൽ ഇതിനായി മാറ്റിവെച്ച തുക എന്തു ചെയ്യും?മുൻഗണനാ ക്രമത്തിൽ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് സർക്കാർ മറന്നോ? കൃത്യവും വ്യക്തവുമായ ഉത്തരം നൽകേണ്ടത് സർക്കാറാണ്. ജനാധിപത്യമാണ്.ജനങ്ങളോട് ഉത്തരം പറയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.