തിരുവനന്തപുരം: നിയമസഭയിലെ പ്രസംഗത്തിനിടെ ഭരണപക്ഷം നടത്തിയ ഇടപെടലിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭയിൽ ഏത് വിഷയം അവതരിപ്പിച്ചാലും ഭരണപക്ഷം എതിർക്കുന്നത് പതിവായെന്നും മര്യാദയുടെ എല്ലാ സീമകളും ഭരണപക്ഷ അംഗങ്ങൾ ലംഘിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കുട്ടനാട് വിഷയത്തിൽഅടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ മറുപടി പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.
സഭയിലെ ചർച്ചകൾ ജനോപകാരപ്രദമായി മാറണം. ആളുകളുടെ സങ്കടം നേരിട്ടുകണ്ടും കൂടുതൽ വായിച്ചറിഞ്ഞിട്ടുമുള്ള കാര്യങ്ങളാണ് സഭയിൽ പറയുന്നത്. പ്രതിപക്ഷം എന്താണ് പറയുന്നതെന്ന് കേട്ടിരിക്കാനുള്ള മാനസികാവസ്ഥയെങ്കിലും ഭരണപക്ഷം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടനാട്ടിലെ പ്രശ്നങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ കോൺഗ്രസിനെ വിമർശിച്ച കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് തെറ്റായ രീതിയിലാണ് സഭയിൽ സംസാരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.സഭയിൽ കുറച്ചുകൂടി മര്യാദയോടെ സംസാരിക്കണം. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിയാകണമെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയെ മാത്രം സുഖിപ്പിച്ചാൽ മതി, കോൺഗ്രസുകാരുടെ നെഞ്ചത്തേക്ക് കയറേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കുട്ടനാടിൽ നിന്ന് ഉള്ളതെല്ലാം പെറുക്കിക്കെട്ടി പാവപ്പെട്ട ജനങ്ങൾ പലായനം ചെയ്യുകയാണ്. ഇതിന് പരിഹാരം കാണണം. കുട്ടനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സമഗ്രമായ പദ്ധതിയുണ്ടാക്കണം. വിവിധ വകുപ്പുകളെ ഏകോപിച്ച് കാര്യങ്ങൾ പ്രവർത്തികമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
content highlights:vd satheesan criticism against state government