കണ്ണൂർ > അനധികൃതമായി വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് ആർടിഒ പിഴ ചുമത്തിയ ഇ–ബുൾജെറ്റ് വ്ലോഗർമാരുടെ വീട്ടിൽ മോട്ടർ വാഹനവകുപ്പ് നോട്ടീസ് പതിച്ചു. ഇവരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പതിച്ച നോട്ടീസിൽ എഴുദിവസത്തിനകം ഹാജരായി വിശദീകരണം നൽകണം. ഇരട്ടി ജോയിന്റ് ആർടിഒയാണ് നോട്ടീസ് അയച്ചത്.
നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ വാഹനത്തിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് വ്ലോഗർമാർക്കെതിരെയുള്ള കുറ്റപത്രം തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ആർടിഒ സമർപ്പിക്കും. നിയമങ്ങൾ ലംഘിച്ച് അപകടത്തിന് കാരണമാകുന്ന രീതിയിൽ വാഹനത്തിൽ വരുത്തിയ രൂപമാറ്റങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് കുറ്റപത്രം. കേരള മോട്ടോർ നികുതി നിയമവും 1988 ലെ മോട്ടോർ വാഹന നിയമവും ഇവർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
നിയമവിരുദ്ധമായി ഹോൺ, ബീക്കൺ ലൈറ്റ്, എൽഇഡി ലൈറ്റുകൾ, സൈറൺ എന്നിവ വാഹനത്തിൽ ഘടിപ്പിച്ചു. മറ്റ് യാത്രകാർക്ക് ഹാനികരമാകുന്ന രീതിയിൽ ഇവ ഉപയോഗിച്ചു എന്നതാണ് 1988 ലെ മോട്ടോർ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങൾ. വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് ആനുപാതികമായി ഇവർ നികുതി അടച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.