ന്യൂഡൽഹി: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് നൽകിയ ലോക്ഡൗൺ ഇളവുകളിൽ ആശങ്കയറിയിച്ച് കേന്ദ്ര സംഘം. സംസ്ഥാനത്തെ എട്ട് ജില്ലകൾ സന്ദർശിച്ച കേന്ദ്ര സംഘം ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെ കേരളത്തിൽ 4.6 ലക്ഷം കോവിഡ് കേസുകൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി.
കേരളത്തിൽ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി)യുടെ ആറംഗ സംഘത്തെയാണ് കേന്ദ്ര സർക്കാർ കേരളത്തിലേക്കയച്ചത്.
ഓണം ഉത്സവത്തോടനുബന്ധിച്ച് അൺലോക്കിങ് പ്രവർത്തനങ്ങളും ടൂറിസം മേഖല തുറന്ന് നൽകുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണ് കേന്ദ്ര സംഘത്തിന് നേതൃത്വം നൽകുന്ന എൻസിഡിസി ഡയറക്ടർ ഡോ. സുജീത് സിംഗ് പറഞ്ഞു.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്.
കേന്ദ്ര സംഘത്തിന്റെ കണ്ടെത്തൽ ഇവയാണ്….
വാക്സിനെടുത്തവർക്കും ഉയർന്നതോതിൽ രോഗബാധ
രണ്ട് ഡോസ് വാക്സിൻ നൽകിയവർക്കും സംസ്ഥാനത്ത് ഉയർന്നതോതിൽ രോഗബാധയുണ്ടായതായി കണ്ടെത്തി. ഇത് അന്വേഷിച്ചുവരികയാണ്. ഉദാഹരണത്തിന്, പത്തനംതിട്ട ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷം 14,974 പേർക്കും രണ്ടും ഡോസും സ്വീകരിച്ച 5042 പേർക്കും രോഗം ബാധിച്ചുവെന്ന് സുജൂത് സിങ് പറഞ്ഞു.
തങ്ങൾ സന്ദർശിച്ച എട്ട് ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണെന്നും ചിലയിടങ്ങളിൽ ടി.പി.ആർ വർധിച്ചുവരികയാണെന്നും കേന്ദ്ര സംഘം റിപ്പോർട്ടിൽ വ്യക്തമാക്കി. കേസുകളിൽ 80 ശതമാനവും ഡെൽറ്റ വകഭേദമാണെന്നും അവർ വ്യക്തമാക്കി.
സമ്പർക്ക വഴി കണ്ടെത്തൽ കുറവ്; ഉയർന്ന ആർ വാല്യു
സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ സമ്പർക്ക വഴി കണ്ടെത്തൽ വളരെ കുറവാണെന്നാണ് കണ്ടെത്തൽ. 1:1.2 മുതൽ 1:1.7 വരെയാണിത്. ആർടി വാല്യു ജൂൺ ഒന്നിന് 0.8 ഉണ്ടായിരുന്നത് 1.2 ആയെന്നും അത് ഉയർന്നുവരികയാണെന്നും കേന്ദ്ര സംഘം പറയുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ വേഗത സൂചിപ്പിക്കുന്നതാണ് ആർ.ടി വാല്യു. നിലവിലെ ആർടി വാല്യു 1.12 ആണ്. ഈ പ്രവണത അനുസരിച്ച് ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവിൽ 4.62 ലക്ഷം കോവിഡ് കേസുകൾ ഉണ്ടാകാമെന്ന് പ്രതീക്ഷിക്കുന്നു സുജീത് സിങ് പറഞ്ഞു.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതൽ 14 ശതമാനം വരെയും ചിലയിടങ്ങളിൽ 15 മുതൽ 20 ശതമാനം വരെയുമാണ്. മലപ്പുറത്തും പത്തനംതിട്ടയിലും ഉയർന്ന ടി.പി.ആർ പ്രവണതയാണുള്ളത്.
കണ്ടെയിൻമെന്റ് സോൺ മാർഗനിർദേശ പ്രകാരമല്ല
കേന്ദ്ര മാർഗനിർദേശ പ്രകാരമല്ല ജില്ലകളിലെ കണ്ടെയിൻമെന്റ് സോണുകൾ രൂപീകരിച്ചതെന്ന് കണ്ടെത്തിയതായി സംഘം പറഞ്ഞു. സി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ കർശനമല്ലെന്നും ഇതിന് ചുറ്റും ബഫർ സോണുകളില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി.
ബെഡ് ഉപയോഗം
കോവിഡ് പരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ആശങ്കയുണ്ട്. തെക്കൻ ജില്ലകളിൽ ബെഡ് ഉപയോഗം 40 മുതൽ 60 ശതമാനം വരെയാണ്. വടക്കൻ ജില്ലകളിൽ ഇത് 70 മുതൽ 90 ശതമാനം വരെയാണ്.
ബെഡുകളുടെ കുറവ് ഏറ്റവും കൂടുതൽ ബാധിച്ചത് മലപ്പുറം ജില്ലയിലാണ്. ഇവിടെ ഐസിയുവിന്റേയും വെന്റിലേറ്ററിന്റേയും ഉപയോഗം 74 മുതൽ 85 ശതമാനമാണെന്നും ഡോ.സൂജീത് സിങ് വ്യക്തമാക്കി.
വീടുകളിലെ ചികിത്സ
കോവിഡ് രോഗികളിൽ 80 ശതമാനം പേരും ഹോം ഐസൊലേഷനിലാണെന്ന് കേന്ദ്ര സംഘം നിരീക്ഷിച്ചു. എന്നാൽ മാർഗനിർദേശങ്ങൾ പാലിച്ചല്ല വീടുകളിലെ ഈ ചികിത്സയെന്നും സംഘം വ്യക്തമാക്കി. ക്വാറന്റീനും മാർഗനിർദേശങ്ങളും പാലിക്കാത്തത് ക്ലസ്റ്ററുകൾ രൂപപ്പെടുത്തുന്നുവെന്നും കേന്ദ്ര സംഘം ചൂണ്ടിക്കാട്ടുന്നു.