തിരുവനന്തപുരം
അർബുദത്തോട് പൊരുതി അതിജീവനത്തിന്റെ പ്രതീകമായ സിനിമ–-സീരിയൽ താരം ശരണ്യ ശശിക്ക് കലാലോകത്തിന്റെ യാത്രാമൊഴി. ശരണ്യയുടെ സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. ബന്ധുക്കളും സിനിമ, സീരിയൽ രംഗത്തെ സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്തുപിടിച്ച നടി സീമ ജി നായർ അന്ത്യചുംബനം നൽകി ശരണ്യയെ യാത്രയാക്കി.
ചൊവ്വാഴ്ച രാവിലെ ചെമ്പഴന്തി അണിയൂരിലെ ‘സ്നേഹസീമ’യിൽനിന്ന് മൃതദേഹം തൈക്കാട് ഭാരത് ഭവനിലേക്ക് കൊണ്ടുവന്നു. മന്ത്രി ആന്റണി രാജു, ചലച്ചിത്ര പ്രവർത്തകരായ മണിയൻപിള്ള രാജു, ജി സുരേഷ്കുമാർ, നന്ദു, രഞ്ജിത് തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനുവേണ്ടി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.
നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ശരണ്യ തിങ്കളാഴ്ച പകലാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അർബുദത്തെ തുടർന്ന് 11 തവണ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
മിനിസ്ക്രീനിൽ തുടരാൻ കഴിഞ്ഞില്ലെങ്കിലും യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തി. കോവിഡിനെത്തുടർന്നുണ്ടായ ന്യുമോണിയയാണ് ആരോഗ്യനില വഷളാക്കിയത്. കോവിഡ് നെഗറ്റീവായെങ്കിലും രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനാൽ കഴിഞ്ഞയാഴ്ചയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.