കൊച്ചി: പോലീസുദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ കോട്ടക്കകത്ത് വീട്ടിൽ രതീഷ് (38)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് സിഐ ആണെന്ന് പറഞ്ഞ് പ്രതി പരാതിക്കാരനായ യുവാവിനെ ഫോണിൽ വിളിക്കുകയായിരുന്നു.
ഒരു പെൺകുട്ടിക്ക് ഫേസ്ബുക്ക് വഴി മെസ്സേജ് അയച്ചതിന് പെൺകുട്ടിയുടെ അച്ഛനും സഹോദരനും പരാതിയുമായി വന്നിട്ടുണ്ടെന്നും 50,000 രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാം എന്നു പറഞ്ഞാണ് പ്രതി യുവാവിനെ വിളിച്ചത്. സമ്മതമല്ലെങ്കിൽ കേസ് എടുക്കുമെന്നും ജയിലിൽ കിടക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവ് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പിതാവിന്റെ ഫോൺ നമ്പർ വാങ്ങി ഇരുപതിനായിരം രൂപ കൊടുത്താൽ കേസ് സെറ്റിൽ ചെയ്യാം എന്ന് പിതാവിനെ അറിയിച്ചു.
പരിഭ്രാന്തനായ പിതാവ് മകനറിയാതെ ഇയാൾ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞ യുവാവ് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ.എം.മഹേഷ് കുമാർ, എ.എസ്.ഐ കെ.കെ.അനിൽ കുമാർ, എസ്.സി.പി.ഒ മാരായ നവാസ്, ബോണി, സി.പി.ഒ അനുരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.
content highlights : cheating by impersonation in kochi