Tokyo Olympics 2020: ടോക്കിയോയില്‍ പൊന്നണിയിച്ച പ്രകടനത്തിന് ശേഷം വലിയ തോതില്‍ ശരീര വേദന നേരിട്ടതായി ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ അധ്യക്ഷതയില്‍ നടന്ന അഭിനന്ദന ചടങ്ങിലാണ് നീരജിന്റെ പ്രതികരണം. നീരജിനൊപ്പം മെഡല്‍ നേടിയ മറ്റ് താരങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
“രണ്ടാമത്തെ ശ്രമത്തിനൊടുവില്‍ എനിക്ക് മനസിലായിരുന്നു എന്തോ പ്രത്യേക കാര്യം ചെയ്തുവെന്ന്. എന്റെ മികച്ച ദൂരമായിരിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. അത്രയ്ക്ക് നന്നായിരുന്നു ആ ശ്രമം,” നീരജ് പറഞ്ഞു. താരത്തിന്റെ മികച്ച ദുരം 88.07 മീറ്ററാണ്.
“അടുത്ത ദിവസം കടുത്ത ശരീര വേദനയുണ്ടായിരുന്നു. എന്നാല്‍ അതിനെ മറികടക്കും വിധമായിരുന്നു മെഡല്‍ നേട്ടത്തിന്റെ സന്തോഷം. ഇത് രാജ്യത്തിനുള്ള മെഡലാണ്,” താരം കൂട്ടിച്ചേര്‍ത്തു.
23 കാരനായ നീരജ് രാജ്യത്തിന് സന്ദേശവും നല്‍കി. “എനിക്ക് ഒരു കാര്യം പറയാനുണ്ട്. എതിരാളി ആരാണെന്നതില്‍ കാര്യമില്ല, നിങ്ങളുടെ മികച്ചത് നല്‍കുക. ഈ സ്വര്‍ണ മെഡല്‍ അതിന്റെ തെളിവാണ്. എതിരാളികളെ ഭയപ്പെടേണ്ടതില്ല.”
ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തില്‍ അത്ലറ്റിക്സില്‍ ആദ്യമായി മെഡല്‍ നേടുന്ന താരമാകാന്‍ നീരജിനായി. വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രക്ക് ശേഷമുള്ള സ്വര്‍ണ മെഡല്‍. ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് ലോക അത്ലറ്റിക്സില്‍ ഇന്ത്യയുടെ മുഖമായത്.
Also Read: Tokyo Olympics: ‘ആ ചിരിയില്‍ എല്ലാമുണ്ട്’; നീരജിനെ ചേര്‍ത്ത് പിടിച്ച് ശ്രീജേഷ്
The post Tokyo Olympics 2020: എതിരാളികളെ ഭയപ്പെടേണ്ടതില്ല, ഈ മെഡല്‍ അതിന്റെ തെളിവാണ്: നീരജ് ചോപ്ര appeared first on Indian Express Malayalam.