കണ്ണൂർ: മോട്ടോർവാഹന വകുപ്പ് ഓഫീസിൽ അതിക്രമം കാട്ടിയതിന്റെ പേരിൽ അറസ്റ്റിലായ ഇ ബുൾ ജെറ്റ് യൂട്യൂബ് ചാനലിലെ അവതാരകരായ എബിനും ലിബിനും നേരത്തെയും റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന്റെ തെളിവുകൾ പുറത്ത്. റോഡിലൂടെ വേഗത്തിലുള്ള യാത്രയ്ക്കായി ആംബുലൻസിന്റെ സൈറൺ വരെ ഇവർ ഉപയോഗിച്ചിരിക്കുന്നുവെന്ന അതീവ ഗുരുതരമായ കുറ്റമാണ് ഗതാഗത വകുപ്പ് കണ്ടെത്തിയുള്ളത്. ഇത്തരത്തിൽ കൂടുതൽ നിയമലംഘനം നടത്തിയതിന്റെ വീഡിയോകൾ ശേഖരിച്ച് നടപടിക്ക് ഒരുങ്ങുകയാണ് പോലീസും ഗതാഗത വകുപ്പും.
ആംബുലൻസ് ഹോൺ ദുരുപയോഗം ചെയ്തുള്ള യാത്രയുടെ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് പരിശോധിച്ചു വരുകയാണ്. പ്രാഥമിക പരിശോധനയിൽ ഇത് കേരളത്തിന് പുറത്താണെന്നാണ് വ്യക്തമായിട്ടുണ്ട്. അങ്ങനെയെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനത്തെ ഇക്കാര്യം നേരിട്ട് അറിയിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂരിലെ ട്രാൻസ്പോർട്ട് വിഭാഗം. ടോൾ ബൂത്തുകളിലും ഇവർ സൈറൺ മുഴക്കി വാഹനം ഓടിച്ചതായി കണ്ടെത്തി. രാജ്യത്തെ മറ്റുപലയിടങ്ങളിലും ഇവർ ഇത്തരത്തിൽ നിയമലംഘനം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
വാഹനം രൂപമാറ്റം വരുത്തിയതിന് ഇതിനുമുമ്പും ഇവർക്കെതിരേ കേസെടുത്തിരുന്നു. രൂപമാറ്റം വരുത്തി കാരവനിൽ ഉൾപ്പെടുത്തിയ ലൈറ്റുകൾ രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് തടസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ വളർത്തുനായയെ കൊണ്ടുനടന്ന് ട്രാവലോഗുകൾ നടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. നിയമലംഘനങ്ങൾ സംബന്ധിച്ച് വ്യക്തതയ്ക്കായി വാഹനം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാനും ആർടിഒ ആലോചിക്കുന്നുണ്ട്.
യൂട്യൂബ് ചാനലിൽ ഇവർ തന്നെ നൽകിയിട്ടുള്ള പല വീഡിയോകളിലും ഗതാഗത നിയമലംഘനങ്ങൾ വ്യക്തമാണ്. രാജ്യത്തെ റോഡ് നിയമങ്ങളെക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചുമുള്ള ഇവരുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വീഡിയോകൾ.
അറസ്റ്റ് ചെയ്ത പ്രതികളെ പുറത്തുവിട്ടിട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കുട്ടികൾ കരയുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇത്തരത്തിൽ ഇവരുടെ വീഡിയോ കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
കോവിഡ് മഹാമാരിക്കാലത്ത് തങ്ങൾക്കെതിരേ നടപടി എടുക്കുന്നുവെന്ന് മനസിലാക്കിയ പ്രതികൾ സാമൂഹ മാധ്യമങ്ങളിലൂടെ കൂടുതൽ ആൾക്കാരെ പോലീസ് സ്റ്റേഷനിലേക്കും ആർടിഒ ഓഫീസിലേക്കും വിളിച്ചുവരുത്തി എന്നതുൾപ്പെടെയുള്ള കേസുകൾ ഇവർക്കെതിരേ ചുമത്തിയേക്കും.
ഇവർ ഉപയോഗിച്ചിരുന്ന നെപ്പോളിയൻ വാഹനം നിയമലംഘനത്തിന്റെ പേരിൽ ഗതാഗതവകുപ്പ് പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. രൂപമാറ്റം വരുത്തിയതിനൊപ്പം ട്രാവലർ കാരവനാക്കി മാറ്റിയപ്പോൾ നികുതി പൂർണമായി അടച്ചില്ലെന്നും ആർടിഒ കണ്ടെത്തിയിരുന്നു. എല്ലാം ചേർത്ത് 43,400 രൂപയാണ് പിഴയിട്ടിരുന്നത്. രേഖകൾ ഹാജരാക്കാനെന്ന പേരിൽ എത്തിയ ഇവർ ആർ.ടി.ഒ. കൺട്രോൾ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിൾ ഇൻസ്പെക്ടർമാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതിനെതുടർന്നാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരുടെ വാഹനത്തിന്റെ ആർ.സി. റദ്ദാക്കാൻ നടപടി തുടങ്ങിയതായി ഗതാഗതവകുപ്പ് അറിയിച്ചിരുന്നു.
അതേസമയം എബിനേയും ലിബിനേയും മനഃപൂർവ്വം കള്ളക്കേസിൽ കുടുക്കണമെന്ന ഉദ്ദേശത്തോടെയാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്ന് യൂട്യൂബർമാരുടെ അഭിഭാഷകനായ അഡ്വ ഫൗസ് വ്യക്തമാക്കി. വാഹനത്തിലെ നിയമലംഘനവുമായി ബന്ധപ്പെട്ട് സ്വീകരിക്കാവുന്ന നടപടികളെല്ലാം മോട്ടോർ വാഹന വകുപ്പ് എടുക്കട്ടെ. ഭീകരവാദികളെ നേരിടുന്നതിന് സമാനമായാണ് തന്റെ കക്ഷികളോട് പോലീസ് പെരുമാറിയെന്നും അഭിഭാഷകൻ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
content highlights:e bull jet traffic rule violations