തൃശൂർ
കേരള സാഹിത്യ അക്കാദമിയുടെ 2019-ലെ പുരസ്കാരങ്ങൾ സമ്മാനിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും മൂന്നു വേദികളിലായാണ് പുരസ്കാര സമർപ്പണം നിശ്ചയിച്ചത്. തൃശൂരിൽ അക്കാദമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനവും പുരസ്കാരസമർപ്പണവും നിർവഹിച്ചു. ഇരുൾ നിറഞ്ഞ പുതിയ കാലത്ത് സർഗാത്മകതയുടെ ചെറു ദീപശിഖകൾ സൂര്യപ്രഭയായി മാറട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അധ്യക്ഷയായി. അക്കാദമി നിർവാഹകസമിതിയംഗം ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ കൗൺസിലംഗം ടി ഡി രാമകൃഷ്ണൻ എന്നിവർ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തി.
പി രാമൻ, എം ആർ രേണുകുമാർ (കവിത), സജിത മഠത്തിൽ, ജിഷ അഭിനയ (നാടകം), ജി മധുസൂദനൻ (വൈജ്ഞാനികസാഹിത്യം), അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം), കെ അരവിന്ദാക്ഷൻ (വിവർത്തനം), കെ ആർ വിശ്വനാഥൻ (ബാലസാഹിത്യം), സത്യൻ അന്തിക്കാട് (ഹാസസാഹിത്യം), ഐ ഷണ്മുഖദാസ് (ഐ സി ചാക്കോ അവാർഡ് നേടിയ പ്രൊഫ. പി മാധവനുവേണ്ടി), ബോബി ജോസ് കട്ടികാട് (സി ബി കുമാർ അവാർഡ്), ഇ എം സുരജ (തുഞ്ചൻ സ്മാരക ഉപന്യാസമത്സരം) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. അക്കാദമി നിർവാഹകസമിതിയംഗം പ്രൊഫ. എം എം നാരായണൻ, അക്കാദമി ജനറൽ കൗൺസിൽ അംഗം സി രാവുണ്ണി എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ സ്വാഗതവും പബ്ലിക്കേഷൻ ഓഫീസർ ഇ ഡി ഡേവിസ് നന്ദിയും പറഞ്ഞു.