തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക താൽപര്യം സംരക്ഷിക്കാൻ ഏതറ്റം വരേയും പോവുമെന്ന് കെടി ജലീൽ. കുഞ്ഞാലിക്കുട്ടിഒരു ഡെയ്ഞ്ചറസ് മാനിപ്പുലേറ്ററാണെന്നും കെടി ജലീൽ മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ഒരു പ്രത്യേക സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വെളിപ്പെടുത്തൽ നടത്തേണ്ടി വന്നത്. ചന്ദ്രികയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ളത് കുഞ്ഞാലിക്കുട്ടിക്കാണ്. ധനസംബന്ധമായ എല്ലാ കാര്യങ്ങൾക്കും അദ്ദേഹമാണ് ഉത്തരവാദി. ചന്ദ്രിക കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ ചോദിച്ചറിയണമെങ്കിൽ അത് തന്നോടാവാമെന്ന് കുഞ്ഞാലിക്കുട്ടിക്ക് ഇ.ഡിയെ അറിയിക്കാമായിരുന്നു. അതിനുപകരം ഇ.ഡിക്ക് മുന്നിലേക്ക് രോഗാവസ്ഥയിലുള്ള പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എറിഞ്ഞുകൊടുത്ത് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ നിയമസഭയിൽ സുഖമായിരിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷം താൻ നിരന്തരം വേട്ടയാടലുകൾക്ക് ഇരയായി. തനിക്ക് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ എന്തൊക്കെ കോലാഹലങ്ങളാണ് ഇവിടെ നടന്നത്. അതിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയുണ്ടെന്ന് തനിക്കുറപ്പാണ്. ഓന് സ്വൈര്യംകൊടുക്കരുത്എന്ന്അദ്ദേഹം തന്റെഅനുയായിയോട് പറയുന്നത് മറ്റൊരാൾ കേട്ടിട്ടുണ്ട്. അത് തന്നെ അറിയിച്ചിട്ടുണ്ട്.കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ രാഷ്ട്രീയ താൽപര്യവും സാമ്പത്തിക താൽപര്യവും സംരക്ഷിക്കാൻ ഏതറ്റം വരേയും പോവും. ഇരിക്കുന്ന കൊമ്പ് മുറിക്കാൻ വരെ തയ്യാറായേക്കുമെന്ന് കെടി ജലീൽ പറഞ്ഞു.
ഇനി എത്ര വർഷമുണ്ടെന്ന് അദ്ദേഹത്തിന് കണക്കുകൂട്ടലുണ്ട്. അതിന്റെ ഇടയ്ക്ക് എന്തെല്ലാം നേടാനാവുമോ അതെല്ലാം പരമാവധി നേടുക. അതിനിടയ്ക്ക് വരുന്ന എല്ലാവരേയും വെട്ടിനിരത്തുക. അതാണ് കുഞ്ഞാലിക്കുട്ടിയുടെയും രീതി. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കും. കുഞ്ഞാലിക്കുട്ടിയുടെ പല ഇടപെടലുകളു ലീഗിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് യോജിച്ചതല്ല. ധനസംബന്ധമായ കാര്യങ്ങളിൽ അത്തരം ഇടപെടലുകൾ കുഞ്ഞാലിക്കുട്ടി നടത്തിയിട്ടുണ്ട്.
ചന്ദ്രികയിലെ പത്ത് കോടി കള്ളപ്പണം വെളുപ്പിക്കൽ ഇബ്രാഹിം കുഞ്ഞ് മുഖേനെയാണ് വന്നത്. ഇബ്രാഹിം കുഞ്ഞ് ഒന്നു തുമ്മണമെങ്കിൽ കുഞ്ഞാലിക്കുട്ടിയോട് അനുമതി വാങ്ങും. അങ്ങനെയാണ് കാര്യങ്ങൾ. പകുതി പകുതിയാണ് കമ്മീഷൻ. കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി ലീഗിനേയും ലീഗിന്റെ സ്ഥാപനങ്ങളേയും മാറ്റുകയാണെന്നും കെടി ജലീൽ ആരോപിച്ചു.
Content Highlights:Row over Thangal family; KT Jaleel criticize PK Kunhalikkutty