തിരുവനന്തപുരം > പ്ലസ് ടു വിദ്യാർഥികൾക്ക് ഗൂഗിൾ മീറ്റിൽ ക്ലാസെടുക്കുന്നതിനിടെ ചിലർ ആ ക്ലാസിൽ ക്ഷണിക്കപ്പെടാതെ അതിഥികളായെത്തി. പെൺകുട്ടികൾക്ക് ചാറ്റ് ബോക്സിൽ തുരുതുരാ സന്ദേശങ്ങളെത്തി. പാലക്കാട്ടായിരുന്നു സംഭവം. ഏതോ കുട്ടി സുഹൃത്തിന് അയച്ചുകൊടുത്ത ലിങ്കിലൂടെയായിരുന്നു ഈ പരാക്രമം. പിറ്റേന്ന് പൊലീസിൽ പരാതി നൽകിയതോടെ അത്നിന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന സംഭവങ്ങളുണ്ടായി.
ഗൂഗിൾ മീറ്റ് ലിങ്കിൽ കയറി അധ്യാപകരെ ചീത്ത വിളിച്ച് ‘ഹീറോയിസം’ കാണിക്കുന്നവരുണ്ട്. ക്ലാസ് ശ്രദ്ധിക്കുന്നവർക്ക് ഇവരുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് ചില്ലറയല്ല.
ഹാക്കർമാരല്ല
ഓൺലൈൻ ക്ലാസുകളിൽ പല പേരിലും കയറിക്കൂടി ശല്യം ചെയ്യുന്നത് ഹാക്കർമാരല്ലെന്ന് എഡിജിപി മനോജ് ഏബ്രഹാം. കുട്ടികൾ അറിഞ്ഞോ അറിയാതെയോ പങ്കുവയ്ക്കുന്ന ലിങ്കുകളാണ് നുഴഞ്ഞു കയറ്റക്കാരുടെ ആയുധം. രക്ഷിതാക്കളുടെ ഫോണിൽനിന്നുമാകാമിത്. ഇത് ഹാക്കിങ്ങല്ല. മുമ്പ് ഉണ്ടായിരുന്നത്ര പ്രശ്നങ്ങൾ ഇപ്പോളില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിവിധി ജി സ്യൂട്ട്
സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന് വിദ്യാഭ്യാസ വകുപ്പ് ജി സ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോം വരുന്നതോടെ നുഴഞ്ഞു കയറ്റം അവസാനിക്കുമെന്ന് കൈറ്റ് സിഇഒ അൻവർ സാദത്ത് പറഞ്ഞു. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ലോഗിൻചെയ്യാം. വ്യക്തിഗത വിവരങ്ങൾ പങ്കിടില്ല. അഡ്മിനിസ്ട്രേറ്റർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിങ്ങനെ ഓരോ വിഭാഗത്തിനും പ്രത്യേക പെർമിഷനുകൾ ഉണ്ടാകും. ക്ലാസുകൾ റെക്കോഡ് ചെയ്ത് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് നൽകാനുമാകും. വിഎച്ച്എസ്സി ക്ലാസുകൾക്ക് ട്രയൽ റൺ കഴിഞ്ഞു. ഹയർ സെക്കൻഡറിക്കും പത്താം ക്ലാസുകാർക്കും പൈലറ്റ് പദ്ധതിയായി ക്ലാസുകൾ നടക്കുന്നു. സംസ്ഥാനമാകെ ജി സ്യൂട്ടിൽ ക്ലാസ് ഉടൻ നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.