തിരുവനന്തപുരം > മൈസൂരില് നിന്ന് ചൊവ്വ വഴി കണ്ണൂരിലേക്കുള്ള ദേശീയപാതയുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് അനുബന്ധ ഭാഗമായി മട്ടന്നൂര് മുതല് തലശ്ശേരി വരെയുള്ള ഭാഗം ദേശീയപാതയില് ഉള്പ്പെടുത്തണമെന്ന ആവശ്യം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ എ എന് ഷംസീര് എംഎല്എ നല്കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രി ദില്ലിയില് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്കരിയുമായി നടത്തിയ ചര്ച്ചയിലാണ് കണ്ണൂര്-മൈസൂര് റോഡ് ദേശീയപാതയായി അംഗീകരിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചത്. ഇതിന്റെ വിശദാംശങ്ങള് കേന്ദ്രത്തില് നിന്നും ലഭ്യമായി വരുന്നതേയുള്ളു. തലശ്ശേരി‐കൂര്ഗ്ഗ് പാതയില് തലശ്ശേരി മുതല് വളവ് പാറ വരെ (കേരള അതിര്ത്തി) കെഎസ്റ്റിപി പദ്ധതിയില് ഉള്പ്പെടുത്തി റോഡിന് വീതി കൂട്ടി നവീകരണം പൂര്ത്തിയാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.