തൃശൂർ > കേരള സാഹിത്യ അക്കാദമി 2019-ലെ പുരസ്കാരങ്ങൾ സമ്മാനിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടുമായി മൂന്നു വേദികളിലായാണ് പുരസ്കാര സമർപ്പണം നിശ്ചയിച്ചത്. തൃശൂരിൽ അക്കാദമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനവും പുരസ്കാരസമർപ്പണവും നിർവ്വഹിച്ചു. ഇരുൾ നിറഞ്ഞ പുതിയ കാലത്ത് സർഗ്ഗാത്മകതയുടെ ചെറുദീപശിഖകൾ സൂര്യപ്രഭയായി മാറട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അധ്യക്ഷയായി. അക്കാദമി നിർവ്വാഹക സമിതിയംഗം ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ കൗൺസിലംഗം ടി ഡി രാമകൃഷ്ണൻ എന്നിവർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പി രാമൻ, എം ആർ രേണുകുമാർ (കവിത), സജിത മഠത്തിൽ, ജിഷ അഭിനയ (നാടകം), ജി മധുസൂദനൻ (വൈജ്ഞാനിക സാഹിത്യം), അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം), കെ അരവിന്ദാക്ഷൻ (വിവർത്തനം), കെ ആർ വിശ്വനാഥൻ (ബാലസാഹിത്യം), സത്യൻ അന്തിക്കാട് (ഹാസസാഹിത്യം), ഐ ഷണ്മുഖദാസ് (ഐ സി ചാക്കോ അവാർഡ് നേടിയ പ്രൊഫ. പി മാധവനുവേണ്ടി), ബോബി ജോസ് കട്ടിക്കാട് (സി ബി കുമാർ അവാർഡ്), ഇ എം സുരജ (തുഞ്ചൻ സ്മാരക ഉപന്യാസമത്സരം) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ, നിർവ്വാഹകസമിതിയംഗം പ്രൊഫ. എം എം നാരായണൻ, ജനറൽ കൗൺസിൽ അംഗം സി രാവുണ്ണി, പബ്ലിക്കേഷൻ ഓഫീസർ ഇ ഡി ഡേവീസ് എന്നിവർ സംസാരിച്ചു.