തിരുവനന്തപുരം > വിദ്യാർഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് നിരവധി പ്രവര്ത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളുമായി ബന്ധപ്പെട്ട് തുടക്കം കുറിച്ചതായി മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ജീവിതനൈപുണി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉല്ലാസപ്പറവകള്’എന്ന പേരിൽ പ്രത്യേക പഠനസാമഗ്രി തയ്യാറാക്കി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. കുട്ടികളുടെ മാനസികാരോഗ്യമാണ് ഈ പദ്ധതിയുടെ മുഖ്യപരിഗണന. അവർ റെസ്പൊൺസബിലിറ്റി ടു ചിൽഡ്രൻ (ഒആർസി)
എന്ന പദ്ധതിയും സ്കൂൾ കുട്ടികള്ക്കായി നടപ്പാക്കുന്നുണ്ട്. ഇതിലെല്ലാം രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പ്രാധാന്യം നൽകുന്നുണ്ട്.
കൂടാതെ മാനസികാരോഗ്യ ക്ലാസ്സുകള് ഡിജിറ്റല് ക്ലാസ്സുകളോടൊപ്പം ഉള്പ്പെടുത്തിയിട്ടുണ്ട് ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ ക്ലാസുകളോടൊപ്പവും അല്ലാതെ വിദഗ്ധരുടെ സഹായത്തോടെ പ്രത്യേക ക്ലാസ്സുകളായും മാനസികാരോഗ്യ ക്ലാസ്സുകള് സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ വര്ഷം സമഗ്രശിക്ഷാ കേരളം ബിആര്സി തലത്തില് സര്ക്കാര് ഡോക്ടര്മാരുടെ സേവനം പ്രയോജനപ്പെടുത്തി കുട്ടികള്ക്കും രക്ഷിതാക്കള്ക്കുമായി ‘അതിജീവനം’ എന്ന പേരില് ടെലി കൗണ്സിലിംഗ് പ്രോഗ്രാമുകളും നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. ഓണ്ലൈന് ക്ലാസ്സുകളുടെ തുടര്പിന്തുണാ പ്രവര്ത്തനങ്ങളുടെ ഭാഗമായി വർക്ക് ഷീറ്റുകളും പ്രവര്ത്തന കാര്ഡുകളും നല്കിയിട്ടുണ്ട്.
സ്കൂള് അധ്യാപകര് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഫോണില് ബന്ധപ്പെട്ട് ആവശ്യമായ മാനസിക‐അക്കാദമിക പിന്തുണയും നല്കുന്നുണ്ട്. ഉള്ളറിയാന്’ എന്ന പരിപാടി ഡിജിറ്റല് ക്ലാസ്സുകളുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള് പരിഹരിക്കുന്നതിന് ഇതില് മനശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്. ഒപ്പംതന്നെ കായിക ക്ഷമതയും ആരോഗ്യവും സംബന്ധിച്ച വീഡിയോ ക്ലാസ്സുകളും ലഭ്യമാക്കുന്നുണ്ട്. വിക്ടേഴ്സ് ചാനല്വഴി ഇത്തരം ക്ലാസ്സുകള്കൂടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാനസിക സംഘര്ഷം അനുഭവിക്കുന്ന കുട്ടികള്ക്കും രക്ഷിതാക്കള്ക്കും കൗണ്സിലിംഗ് നല്കുന്നതിനായി നിരവധി പരിപാടികള് വിവിധ ഏജന്സികളുടെ നേതൃത്വത്തില് നടന്നുവരുന്നുണ്ട്.
ഒആര്സി പ്രോജക്ടിന്റെ ഭാഗമായുള്ള ചിരി പദ്ധതി, ആരോഗ്യ വകുപ്പിന്റെ ദിശാ ഹെല്പ്പ് ലൈന്, വനിതാശിശു വികസന വകുപ്പിന്റെ കുട്ടി ഡെസ്ക് തുടങ്ങിയവ ഉദാഹരണമാണ്. കൂടാതെ സ്കൂള് കൗണ്സിലര്മാര്, സൗഹൃദ ക്ലബ് കോഡിനേറ്റര്മാര്, മെന്റര് ടീച്ചര്മാര്, എഡ്യൂക്കേഷണ് വോളന്റിയേഴ്സ് തുടങ്ങിയവര് നിരന്തരം കുട്ടികളും രക്ഷിതാക്കളുമായി ബന്ധം പുലര്ത്തുകയും പ്രശ്നങ്ങളില് ഇടപെടുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.















