മലപ്പുറം: കരിപ്പൂർ വിമാനപകടം, കോവിഡ് മഹാമാരിക്കിടയിൽ കേരളത്തെ നടുക്കിയ മറ്റൊരു ദുരന്തം. എന്നാൽ ഒത്തൊരുമയുടെ മനക്കരുത്തിൽ ജനങ്ങൾ ഒന്നിച്ചപ്പോൾ നിരവധി പേരുടെ ജീവനുകളാണ് തിരിച്ചു കിട്ടിയത്. ജനങ്ങളും ജനപ്രതിനിധികളും സർക്കാർവൃത്തങ്ങളും കൈമെയ് മറന്ന് സ്വന്തം സുരക്ഷ പോലും നോക്കാതെ തകർന്നുവീണ വിമാനവശിഷ്ടങ്ങൾക്കിടയിലേക്ക് ചെന്ന് രക്ഷാപ്രവർത്തനം നടത്തിയപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അതിജീവിക്കുകയായിരുന്നു കേരളം. വിവിധ കോണിൽ നിന്ന് സോഷ്യൽ മീഡിയയിൽ കൂടിയും മലയാളികൾ ഒന്നിച്ചപ്പോൾ രക്ഷാപ്രവർത്തനം വളരെ വേഗത്തിലാവുകയും ചെയ്തു.
കരിപ്പൂർ വിമാനപകടത്തിൽ ഒറ്റപ്പെട്ടു പോയ കുട്ടിയെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം. കരിപ്പൂർ ദുരന്തം നടന്ന് ഒരു വർഷം തികയുന്ന വേളയിലാണ് ടി.വി ഇബ്രാഹിം എം.എൽ.എ ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ കുട്ടി ലൈബ പാത്തുവിനെ കണ്ടുമുട്ടിയത്.
കേരളം പകച്ച ആ ദുരന്ത രാത്രിയിൽ ആശുപത്രിയിൽ വെച്ചാണ് ഒറ്റപ്പെട്ടു പോയ കുട്ടി ലൈബ പാത്തുവിനെ എം.എൽ.എ കണ്ടത്. അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്ത് കാര്യം ജനങ്ങളിലേക്കെത്തിച്ചു.
“രണ്ടര വയസ്സുകാരിയായ കുട്ടിയാണ്, മിനി സ്കർട്ട് ഇട്ടിട്ടുള്ള കുട്ടിയാണ്. ഒറു സ്വർണ്ണ ചെയിൻ കഴുത്തിലുണ്ട്. ഇടതു കൈയിലും വലതു കൈയിലും ഓരോ സ്വർണ്ണ വളകളുണ്ട്…” എന്നായിരുന്നു ലൈവ്.
ഇതിന് പിന്നാലെ ബന്ധുക്കൾ കുട്ടിയെ തിരിച്ചറിയുക ആയിരുന്നു. ഉമ്മ സലീഖ നസ്രിന്റെ കൂടെ നാട്ടിലേക്ക് വന്നതായിരുന്നു ലൈബ. എന്നാൽ രക്ഷാപ്രവർത്തനത്തിൽ ഉമ്മയും കുട്ടിം വേറെ വേറെ ആശുപത്രിയിലാവുകയായിരുന്നു. തുടർന്ന് കുട്ടിയെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് എം.എൽ.എ ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.
ഒരു വർഷത്തിന് ശേഷം ദുരന്തത്തിന്റെ ഓർമ്മ ദിനത്തിലാണ് എം.എൽ.എ കുട്ടിയെ വീണ്ടും കണ്ടുമുട്ടിയത്.
Content Highlights: MLA TV Ibrahim met Laiba pathu one year after air india express crash at karipur














